ഐ.ടി.ഐകളുടെ നിലവാരം ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍
വെള്ളമുണ്ട: തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിച്ച് ഉന്നത നിലവാരത്തിലേക്ക് ഐ.ടി.ഐകളെ ഉയര്‍ത്തുമെന്ന് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. വെള്ളമുണ്ട ഗവ. ഐ.ടി.ഐ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 12 ഐ.ടി.ഐകള്‍ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗവ. ഐ.ടി.ഐകളില്‍ നിന്നും തിരഞ്ഞെടുത്ത 57 വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സഹായത്തോടെ സിംഗപ്പൂര്‍ ഐ.ടി.ഐയിലേക്ക് പരിശീലനത്തിനായി അയയ്ക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.ഐ.ടി.ഐ സ്ഥാപനങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും വിദ്യാര്‍ഥികള്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടോയെന്നും പരിശോധിക്കും. സ്വകാര്യ ഐ.ടി.ഐകളുള്‍പ്പെടെ ഗ്രേഡ് ചെയ്യാനും അവയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയ്ക്ക് അവാര്‍ഡുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 93 ഐടിഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷം സ്വകാര്യ ഐടിഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്ന് 75,000ല്‍ അധികം വിദ്യാര്‍ഥികള്‍ പരിശീലനം നേടി പുറത്തുവരുന്നുണ്ട്. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 35 ലക്ഷം ആളുകളാണ് നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അവയില്‍ തൊഴിലുള്ളവരേയും ഇല്ലാത്തവരേയും കണ്ടെത്താന്‍ സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഇതുവഴി കഴിയും. അഞ്ചേക്കര്‍ ഭൂമി വെള്ളമുണ്ട ഐ.ടി.ഐയ്ക്കായി ലഭ്യമാക്കിയാല്‍ കേരളത്തിലെ മികച്ച ഐ.ടി.ഐ ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറണെന്നും മന്ത്രി പറഞ്ഞു.
ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ കെട്ടിടം നിര്‍മിക്കാനായി അനുവദിച്ചിട്ടുണ്ട്. ഒരു കോടികൂടി ലഭ്യമാക്കണമെന്ന് മന്ത്രി എം.എല്‍.എയോട് അഭ്യര്‍ഥിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി. റീജണല്‍ ജോയിന്റ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ് കെ.പി ശിവശങ്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.ടി.ഐക്കായുള്ള സ്ഥലമെടുപ്പ് രേഖ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി വാര്‍ഡ് മെംബര്‍ വി.എസ്.കെ തങ്ങളില്‍ നിന്ന് എറ്റുവാങ്ങി.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ്, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."