അജൈവ മാലിന്യ സംസ്‌കരണത്തില്‍ വിപ്ലവം തീര്‍ത്ത് പുനചംക്രമണ പ്ലാന്റ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: അനുദിനം പെരുകുന്ന അജൈവ മാലിന്യങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ചു പുനചംക്രമണം ചെയ്യുന്ന കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ്ഹില്‍ ബീച്ചിലെ പ്ലാന്റ് അജൈവ മാലിന്യ സംസ്‌കരണത്തില്‍ തീര്‍ക്കുന്നതു നിശബ്ദ വിപ്ലവം. അഞ്ച് മാസം മുന്‍പ് 45 ലക്ഷം രൂപയോളം മുതല്‍ മുടക്കി പുനര്‍നിര്‍മിച്ച പ്ലാന്റില്‍ ഇതുവരെ 85 ടണ്ണിലധികം അജൈവ മാലിന്യങ്ങളാണു സംസ്‌കരിച്ചത്.
അനുദിനം ഒരു ടണ്ണിനോടടുത്തു മാലിന്യങ്ങള്‍ പ്ലാന്റില്‍ സംസ്‌കരിക്കുന്നുണ്ട്. പ്രവര്‍ത്തനത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന വേങ്ങേരി നിറവിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നഗരത്തിലെ 150ഓളം റസിഡന്‍സ് അസോസിയേഷനു കീഴിലെ വീടുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങളും വ്യക്തികള്‍ നല്‍കുന്നവയും ദിവസവും പ്ലാന്റില്‍ എത്തിക്കും. തുടര്‍ന്ന് പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചു യന്ത്രസഹായത്തോടെ ഇവയെ പെല്ലറ്റ്, ഗ്രാന്യൂള്‍ രൂപത്തിലാക്കും.
പുനചംക്രമണത്തിനുശേഷം ലഭിക്കുന്ന ഉപഉല്‍പന്നങ്ങള്‍ കളിപ്പാട്ട നിര്‍മാണം, ഡ്രിപ്പ് ഇറിഗേഷന്‍ പൈപ്പ് നിര്‍മാണം, റോഡ് ടാറിങ് എന്നിവയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ മറ്റു സംസ്ഥാനങ്ങളിലേക്കു കയറ്റി അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് റോഡ് ടാറിങ്ങിനായി പ്ലാസ്റ്റിക് ഉപ ഉല്‍പന്നങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് നിറവ് അധികൃതര്‍ പറയുന്നു.
കോര്‍പറേഷനു പ്രതിമാസം 30,000ത്തോളം രൂപയാണ് ഈ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിലൂടെ ലഭിക്കുന്നത്. ആയിരത്തിലധികം റസിഡന്‍സ് അസോസിയേഷനുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാവരും മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതി അധികൃതര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."