മാലിന്യനിര്‍മാര്‍ജനം; വ്യത്യസ്ത വിജയ മാതൃകകളുമായി തദ്ദേശ സ്ഥാപനങ്ങള്‍
കണ്ണൂര്‍: ഓരോ പഞ്ചായത്തിലും നടപ്പാക്കിയ മാലിന്യ സംസ്‌കരണ വിജയ മാതൃകകള്‍ പുതുമയോടെ അവതരിപ്പിച്ച് തദ്ദേശ സ്ഥാപന അധികൃതര്‍. ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ശുചിത്വ മികവ് അവതരണ വേദിയിലായിരുന്നു നാട് നേരിടുന്ന വെല്ലുവിളിയായ ജൈവ അജൈവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കിയ പഞ്ചായത്തുകളുടെ പദ്ധതി അവതരണം.
ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ അവതരിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട 24 പഞ്ചായത്തുകളും മൂന്നു നഗരസഭകളുമാണ് ജില്ലാ തലത്തില്‍ മാതൃകകള്‍ അവതരിപ്പിച്ചത്. ബോട്ടില്‍ ബൂത്തുകള്‍, സൗഹൃദ വീഥികള്‍, പൈപ് കമ്പോസ്റ്റുകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, പുനരുല്‍പാദന യൂനിറ്റുകള്‍ തുടങ്ങി വ്യത്യസ്തമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ മികവ് വേദിയില്‍ അവതരിപ്പിച്ചു.
ഹരിത പ്രോട്ടോക്കോള്‍ ലംഘനം കണ്ടുപിടിച്ച് നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ച് കോളയാട് പഞ്ചായത്ത് നടപ്പാക്കിയ വിജിലന്‍സ് സ്‌ക്വാഡ് പദ്ധതി, തളിപ്പറമ്പ് നഗരസഭയുടെ മാലിന്യ സംസ്‌കരണത്തിനായുള്ള 'നെല്ലിക്ക' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ഗൃഹ ശുചിത്വം, കമ്പോസ്റ്റിങ്, പൊതു സ്ഥലത്തെ ജൈവ മാലിന്യ സംസ്‌കരണം, ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍, എം.സി.എഫ് പ്രവര്‍ത്തനം തുടങ്ങി തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന 16 നൂതന പദ്ധതികള്‍ മാനദണ്ഡമാക്കിയാണ് മികച്ച മാതൃകകള്‍ തെരഞ്ഞെടുക്കുന്നത്. ജില്ലാ തലത്തില്‍ തെരഞ്ഞെടുത്ത അഞ്ചു മാതൃകകള്‍ സംസ്ഥാന തലത്തില്‍ അവതരിപ്പിക്കും. കെ.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രകാശന്‍ അധ്യക്ഷനായി. ഇ.കെ സോമശേഖരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."