ജിയോളജി വകുപ്പ് പിടിമുറുക്കി; നിര്‍മാണമേഖല സ്തംഭിക്കുന്നു
കാസര്‍കോട്: ജിയോളജി വകുപ്പ് പിടിമുറുക്കിയതിനെ തുടര്‍ന്ന് ജില്ലയില്‍ നിര്‍മാണ മേഖലകള്‍ സ്തംഭിക്കുന്നു. ഇതോടെ കെട്ടിട നിര്‍മാണ തൊഴിലാളികളും ഉടമകളും കടുത്ത പ്രയാസം നേരിട്ടുതുടങ്ങി. പുഴകളില്‍നിന്ന് മണലെടുപ്പ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പട്ടിണിയായതിനു പിന്നാലെ ചെങ്കല്‍ മേഖലയിലും ജിയോളജി വകുപ്പ് പിടിമുറുക്കി. അനധികൃത ചെങ്കല്‍ ഖനത്തിനെതിരേ നിയമ നടപടികള്‍ സ്വീകരിച്ചിരുന്ന വകുപ്പ് ഇപ്പോള്‍ അംഗീകാരത്തോടെ ചെങ്കല്‍ എടുക്കുന്നവര്‍ക്കും കടുത്ത നിയമം നടപ്പാക്കിയതായാണ് ആരോപണം. ചെങ്കല്‍ കയറ്റി പോകുന്ന വാഹനങ്ങള്‍ പിടികൂടുന്നത് പതിവാക്കിയതായും വാഹന ഉടമകള്‍ പറയുന്നു.
ചെങ്കല്‍ കയറ്റി പോകുന്ന വാഹനങ്ങളില്‍ കല്ല് എവിടേക്ക് കൊണ്ട് പോകുന്നുവെന്നും ആര്‍ക്കാണ് കൊണ്ടുപോകുന്നതെന്നും കൃത്യമായി എഴുതിയ ട്രിപ്പ് ഷീറ്റുകള്‍ ഉപയോഗിക്കണമെന്നാണ് ജിയോളജി വകുപ്പ് പുതുതായി നടപ്പാക്കിയ നിയമമെന്നാണ് വാഹന ഡ്രൈവര്‍മാരും ഉടമകളും പറയുന്നത്. ഇതിനു പുറമെ എത്ര മണിക്ക് പുറപ്പെട്ടെന്നും എത്ര മണിക്ക് ഇവ ഇറക്കിയെന്നും രേഖപ്പെടുത്തി വെക്കണമത്രേ.
തുറമുഖങ്ങളില്‍നിന്ന് മണല്‍ കൊണ്ടുപോകണമെങ്കിലും കെട്ടിട നിര്‍മാതാവ് ഐ.ഡി കാര്‍ഡും പാസുമായി നേരിട്ട് കടവില്‍ പോകണമെന്ന് നിയമം ഉണ്ടാക്കിയതിനുപിന്നാലെയാണ് ചെങ്കല്‍ മേഖലയിലും പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. ഇതോടെ ചെങ്കല്‍ മേഖലകളിലെ തൊഴിലാളികളും ആശങ്കയിലായിട്ടുണ്ട്. ഒട്ടനവധി മാനദണ്ഡങ്ങളും മറ്റും പാലിക്കുകയും അനുമതിക്കുവേണ്ടി വന്‍ തുക മുടക്കുകയും ചെയ്തതിനു ശേഷം ലഭിക്കുന്ന അനുമതി പത്രം വച്ച് ചെങ്കല്‍ മുറിച്ചെടുത്താലും ഇവ വില്‍പന നടത്തണമെങ്കില്‍ പിന്നെയും കടമ്പകള്‍ കടക്കണമെന്ന അവസ്ഥ വന്നതോടെ പണ ഉടമകളും വെട്ടിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."