മാധവിയമ്മയുടെ 'മീന്‍വിളി'ക്ക് അരനൂറ്റാണ്ട്
ചെറുവത്തൂര്‍ : 'ഏയ് ...മീന്‍ വേണ്ടേ' ...അരനൂറ്റാണ്ടായി മാധവിയമ്മയുടെ നീട്ടിയുള്ള ഈ വിളി കൊടക്കാട് ഗ്രാമം ആദരവോടെ കേള്‍ക്കുന്നു. മാധവിയമ്മയെ വനിതാദിനത്തില്‍ കൊടക്കാട് ഗ്രാമം ആദരിക്കും. മാണിയാട്ട് സ്വദേശിയായ മാധവി തന്റെ ഇരുപതാം വയസിലാണ് കൊടക്കാടേക്ക് മീനുമായി എത്തുന്നത്. തലച്ചുമടായി വീടുകള്‍ തോറും കയറിയുള്ള വില്‍പന. ഓരോവീടും വീട്ടുകാരും ഇവര്‍ക്ക് സ്വന്തം പോലെയാണ്. തിരിച്ചു കൊടക്കാട്ടുകാര്‍ക്ക് മാധവിയമ്മ വീട്ടുകാരിയും. ഇപ്പോള്‍ പ്രായം 74 കഴിഞ്ഞു. ചെറിയ ശാരീരിക വിഷമതകള്‍ കാരണം ഓലാട്ട് നാരായണസ്മാരക ഗ്രന്ഥാലയത്തിനു സമീപം ഇരുന്നാണ് ഇപ്പോള്‍ വില്‍പന.
കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം വനിത വേദിയുടെ നേതൃത്വത്തിലാണ് എട്ടിന് വനിതാ ദിനത്തില്‍ ആദരം ഒരുക്കുന്നത്. വൈകീട്ട് അഞ്ചിന് കയ്യൂര്‍ -ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള ഉദ്ഘാടനം ചെയ്യും. അഡ്വ.ആലിസ് കൃഷ്ണന്‍ വര്‍ത്തമാന കാല സ്ത്രീ സമൂഹവും പരിരക്ഷയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിക്ക് എത്തുന്നവര്‍ക്ക് അടുക്കളത്തോട്ടം ഒരുക്കുന്നതിനായുള്ള വിത്തും സൗജന്യമായി വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."