കൂട്ടിലങ്ങാടിയിലെ വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ നാലു കിലോമീറ്റര്‍ ദൂരം താണ്ടണം
കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി ടൗണിലെയും പരിസരത്തെയും നൂറോളം കുടുംബങ്ങളിലെ അഞ്ഞൂറോളം വോട്ടര്‍മാര്‍ക്ക് ടൗണില്‍ പോളിങ് ബൂത്ത് നിലവിലുണ്ടായിരിക്കെ ഇക്കുറി വോട്ടു ചെയ്യാന്‍ നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കാലങ്ങളായി ടൗണിലെ പതിനാലാം നമ്പര്‍ അന്‍സാര്‍ മദ്റസ ബൂത്തില്‍ വോട്ടുചെയ്തിരുന്ന ഇവരെ ബൂത്തു പുനഃക്രമീകരണത്തിന്റെ പേരില്‍ ഉന്നംതല രണ്ടാം നമ്പര്‍ മദ്റസ ബൂത്തിലേക്ക് മാറ്റുകയായിരുന്നു.
വില്ലേജില്‍ നിലവിലുണ്ടായിരുന്ന 19 ബൂത്തുകളില്‍ 1300ലധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിച്ചു പാറടി, കടൂപുറം, ഉന്നംതല, പട്ടിയില്‍ പറമ്പ എന്നീ സ്ഥലങ്ങളില്‍ പുതിയ നാലു ബൂത്തുകള്‍ രൂപീകരിക്കുകയായിരുന്നു. ഇതില്‍ കൂട്ടിലങ്ങാടി ബൂത്തിലെ അധികമുള്ള വോട്ടര്‍മാരെ ഒന്നാകെ കൂട്ടിലങ്ങാടിയില്‍ തന്നെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അഞ്ചു ബൂത്തുകള്‍ നിലവിലുണ്ടായിരിക്കെ അതിലേക്കൊന്നും മാറ്റാതെ ഉന്നംതലയിലേക്ക് മാറ്റുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടോ ബി.എല്‍.ഒമാരോടോ ആലോചിക്കാതെ വില്ലേജ് അധികൃതര്‍ സ്വയം തീരുമാനമെടുത്തതാണ് വോട്ടര്‍മാര്‍ക്ക് വിനയായത്. കഴിഞ്ഞ നവംബറില്‍ കരട് പട്ടികയില്‍ ഈ അപാകത ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിലേജ് ഓഫിസര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുകയും അപാകത തിരുത്താന്‍ നടപടിസ്വീകരിക്കാമെന്നും അന്തിമപട്ടിക ഇറങ്ങുമ്പോള്‍ പരിഹാരമാകുമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്തിറങ്ങിയപ്പോഴും മാറ്റമുണ്ടായില്ല. കലക്ടറേറ്റിലെ ഇലക്ഷന് വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചില്ല എന്നാണു മറുപടി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."