വിമാനത്താവളം കൈമാറ്റം: കേന്ദ്രത്തിനും അദാനിക്കും ഹൈക്കോടതിയുടെ നോട്ടിസ്
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും അദാനി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ്. കേന്ദ്രസര്‍ക്കാര്‍ മുമ്പ് സംസ്ഥാനത്തിന് നല്കിയ ഉറപ്പ് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണമെന്നും ടെന്‍ഡര്‍ നടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ ഹര്‍ജിയിലാണ് നടപടി.
1932ല്‍ തിരുവിതാംകൂര്‍ നല്കിയ 258.06 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിച്ചത്. ഈ ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് 2003ല്‍ 27 ഏക്കര്‍ ഭൂമി പണം മുടക്കി ഏറ്റെടുത്തു സൗജന്യമായി നല്കി. ആകെയുള്ള ഭൂമിയില്‍ 0.5756 ഹെക്ടര്‍ മാത്രമാണ് എയര്‍പോര്‍ട് അതോറിറ്റിക്കു സ്വന്തമായുള്ളത്. വിമാനത്താവളത്തിന്റെ നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാറിന്റെ ഓഹരിയായി കണക്കാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. ഇത് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണത്തിന് നീക്കം നടത്തുന്നതെന്നും സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ ഉറപ്പ് ലംഘിച്ചുള്ള കരാര്‍ നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
ഹരജി വ്യാഴാഴ്ച്ച സിംഗിള്‍ബെഞ്ചിന്റെ പരിഗണനക്ക് വരും. ടെണ്ടറില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസി നല്കിയ ഹര്‍ജിയും അന്ന് കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."