ജില്ലയില്‍ വൈറല്‍ പനി പടരുന്നു; രണ്ടു മരണം
തൊടുപുഴ: മഴ കനത്തതോടെ ജില്ലയില്‍ ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള വൈറല്‍ രോഗങ്ങളും പിടിമുറുക്കി. പനി ബാധിച്ച് രണ്ടുപേര്‍ ഇന്നലെ മരിച്ചു.
ഏഴല്ലൂരിന് സമീപം ചെറുതോട്ടിന്‍കര വട്ടക്കുന്നേല്‍ സുനിലിന്റെയും ആര്യയുടേയും മകള്‍ വൈഗ സുനില്‍ (7), ആനച്ചാല്‍ കുഴിക്കാട്ടുമറ്റത്തില്‍ പീതാംബരന്റെ മകന്‍ രതീഷ്(13) എന്നിവരാണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ രതീഷിനെ ഇന്നലെ പുലര്‍ച്ചെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പനിയും മറ്റു പകര്‍ച്ചവ്യാധികളും പടരുന്നതുമൂലം ആശങ്കയുടെ പെരുമഴക്കാലമാണ് ജില്ലയില്‍. പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ജില്ലയില്‍ കൂടിവരികയാണ്.
വൈറല്‍ പനിക്കൊപ്പം പല പ്രദേശങ്ങളിലും ഡെങ്കിപ്പനി പിടിമുറുക്കുന്നതു ജനങ്ങളെ ആശങ്കയിലാക്കുകയാണ്. രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുമുണ്ട്.എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ഈ മാസം ജില്ലയില്‍ 11 പേര്‍ക്കു ഡെങ്കിപ്പനിയും മൂന്നു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യരോഗങ്ങളുടെ പട്ടികയില്‍ വയറിളക്കരോഗങ്ങളും കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പനി ബാധിച്ച് 240 പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെ ചികിത്സ തേടിയെത്തി. പനി ബാധിച്ച് ഈ മാസം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ഇതോടെ 6220 ആയി.
മഴക്കാലം കണക്കിലെടുത്ത്, പനിയും പകര്‍ച്ചവ്യാധികളും പടരുന്നതു തടയാന്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും പല പ്രദേശങ്ങളും ഡെങ്കിപ്പനി ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."