കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു; ഇന്ന് വറ്റടി
പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമായി. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകര്‍ന്നതോടെ തൃക്കലശാട്ട ചടങ്ങുകള്‍ക്ക് ആരംഭമായി. ശ്രീകോവില്‍ പിഴുത് തിരുവന്‍ചിറയില്‍ നിക്ഷേപിച്ചു. പ്രധാന തന്ത്രിമാര്‍ സ്വര്‍ണം, വെള്ളി കുംഭങ്ങളില്‍ പൂജിച്ച് വച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് സ്ഥാനികരോടപ്പം മണിത്തറയില്‍ പ്രവേശിച്ച് എല്ലാ ബ്രാഹ്മണരുടെയും അടിയന്തര യോഗക്കാരുടെയും സാന്നിധ്യത്തില്‍ കളഭം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. കുടിപതികള്‍ തിടപ്പള്ളിയില്‍ കയറി നിവേദ്യചോറും കടുംപായസവും അടങ്ങുന്ന മുളക്, ഉപ്പ് എന്നിവ മാത്രം ചേര്‍ത്ത് കഴിക്കുന്ന തണ്ടുമ്മല്‍ ഊണ് എന്ന ചടങ്ങ് നടത്തി. തുടര്‍ന്ന് മുതിരേരിക്കാവിലേക്ക് ആദിപരാശക്തിയുടെ വാള്‍ തിരിച്ചെഴുന്നള്ളിച്ചു. പാമ്പറപ്പാന്‍ തോട് വരെ നിശ്ചിത സ്ഥാനങ്ങളില്‍ ഹവിസ് തൂവി കര്‍മങ്ങള്‍ നടത്തിയശേഷം തട്ട് പന്തക്കിടാവിന് കൈമാറി തിരിഞ്ഞുനോക്കാതെ തന്ത്രി കൊട്ടിയൂരില്‍ നിന്ന് പടിഞ്ഞാറേക്ക് നടന്നു പോയതോടെ വൈശാഖോത്സവം സമാപിച്ചു.
ബലിബിംബങ്ങള്‍ ഇക്കരെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് നിത്യപൂജകള്‍ക്ക് തുടക്കമായി. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇന്ന് വറ്റടി നടക്കും. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്പ്രവും അക്കരെയില്‍ എത്തി സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് ഒരു ചെമ്പ് ചോറ് നിവേദിച്ചശേഷം മടങ്ങും. ഇനി അക്കരെ സന്നിധാനം 11 മാസക്കാലം നിശബ്ദതയില്‍ അമരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."