ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഭീകരാക്രമണം: ഒരാള്‍ മരിച്ചു; 28 പേര്‍ക്ക് പരുക്ക്
ജമ്മു: ജമ്മുകശ്മിരില് വീണ്ടും ഭീകരാക്രമണം. ഇന്നലെ രാവിലെ ജമ്മു നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ 17 കാരന് മുഹമ്മദ് ഷരീഖാണ് മരിച്ചത്. രാവിലെ 11.30നായിരുന്നു സംഭവം.
എന്നാല്‍ സ്ഫോടനത്തിന് പിന്നില്‍ ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനാണെന്ന് പൊലിസ് അറിയിച്ചു. പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് ജമ്മുവില്‍ വീണ്ടും സ്ഫോടനം ഉണ്ടായത്.
അതേസമയം തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് എറിഞ്ഞയാളെ അറസ്റ്റ് ചെയ്തതായി ഡി.ജി.പി ദില്‍ബാഗ് സിങ് പറഞ്ഞു. ഹിസ്ബുല്‍ ജില്ലാ കമാന്‍ഡര്‍ ആക്രമണം നടത്താന്‍ തന്നെ ചുമതലപ്പെടുത്തിയതാണെന്ന് അറസ്റ്റിലായ യാസിര്‍ ഭട്ട് പറഞ്ഞു. സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തം ഇയാള്‍ ഏറ്റെടുക്കുകയും ചെയ്തു.
ജമ്മു നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി എറിഞ്ഞ ഗ്രനേഡ് നിര്‍ത്തിയിട്ടിരുന്ന ബസിനടിയില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."