വിദ്യാര്‍ഥിനിക്ക് പീഡനം: വ്യാജസിദ്ധന് അറസ്റ്റില്‍
പേരാമ്പ്ര: മന്ത്രവാദ ചികിത്സക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വ്യാജസിദ്ധനെ അറസ്റ്റ് ചെയ്തു. പാണ്ടിക്കോട് പാറേമ്മല്‍ റഷീദിനെയാണ് പേരാമ്പ്ര പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
വില്യാപ്പള്ളിയില്നിന്നും മാതാവിനൊപ്പം വന്ന പത്താം ക്ലാസുകാരിയെയാണ് സിദ്ധന് ലൈംഗികമായി പീഡിപ്പിച്ചത്. പ്രേമ ബന്ധത്തില്‍നിന്നും മകളെ പിന്തിരിപ്പിക്കുന്നതിനായി മാതാവ് മകളെയും കൂട്ടി സിദ്ധന്റെ അടുത്ത് മന്ത്രവാദ ചികിത്സക്കായി എത്തുകയായിരുന്നു. സ്വകാര്യ മുറിയില്‍ കയറ്റി വാതിലടച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കൂള്‍ അധികൃതര്‍ വിവരം കോഴിക്കോട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വടകര റൂറല്‍ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇതിനിടെ സിദ്ധന് വിദേശത്ത് പോയതിനാല്‍ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാട്ടിലെത്തിയപ്പോള്‍ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പോക്സോ നിയമപ്രകാരം കോടതി റിമാന്‍ഡ് ചെയ്തു. നാദാപുരം, വില്യാപ്പള്ളി, ആയഞ്ചേരി, തണ്ണീര്‍പ്പന്തല്‍, കുമ്മങ്കോട് ഭാഗങ്ങളില്‍ ഇയാള്‍ മന്ത്രവാദ ചികിത്സക്കെത്തിയതായി പറയപ്പെടുന്നു. നിരവധി സ്ത്രീകള്‍ പീഡനത്തിന് വിധേയമായതായും പറയപ്പെടുന്നു. നേരെത്തെ പ്രമാദമായ പന്തിരിക്കര പീഡന കേസില്‍ ഇയാളെ പലതവണ ചോദ്യം ചെയ്തതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."