ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഇടുക്കി, വയനാട് മേഖല ഉള്‍പ്പെടെ സംസ്ഥാനത്ത് പതിനാല് കര്‍ഷകരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ല.
വായ്പാ കുടിശ്ശികയുടെ പേരില്‍ ഷെഡ്യുള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നിരന്തരമായി ജപ്തി നടപടിയും, മറ്റു ഭീഷണികളും ഈ കര്‍ഷകര്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകരെ സഹായിക്കുന്ന തരത്തിലുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും റിസര്‍വ് ബാങ്കിന്റ അനുമതിയില്ലാതെ അത് നടപ്പാകില്ല. റിസര്‍വ് ബാങ്കിനെ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി അനുകൂലമായ തിരുമാനം എടുപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അതിന് സാധിക്കാത്തതിനാല്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. കാര്‍ഷിക വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍ പ്രായോഗികമല്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."