HOME
DETAILS
MAL
ഓര്‍മയിലെ ഉറുദിക്കാലം
backup
May 14 2020 | 04:05 AM
പള്ളി ദര്‍സില്‍ പഠിക്കുന്ന കാലത്ത് തന്നെ റമദാന്‍ ഉറുദിക്ക് പോകുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ സാര്‍വത്രികമായി ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷവും മലപ്പുറം ജില്ലയില്‍ നിന്നാണ് മുതഅല്ലിമീങ്ങള്‍ വടക്കന്‍ ജില്ലകളിലേക്ക് എത്തുക. എല്ലാ പള്ളികളിലും അവരെ സ്വീകരിക്കുകയും ഉറുദി പറയാനുള്ള അവസരം നല്‍കുകയും ചെയ്യും. ജമാഅത്തിനു എത്തുന്നവര്‍ ഒട്ടുമുക്കാലും ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും ചെയ്യും. അതിനിടയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പിരിവ് നടത്തി സംഖ്യ മുതഅല്ലിമിന് നല്‍കുകയും ചെയ്യും. മഗ്‌രിബിന് ശേഷം ഉറുദിയില്ലെങ്കിലും പള്ളിയിലുള്ള മുതഅല്ലിമീങ്ങളെ ജമാഅത്തിന് വന്നവര്‍ അവരവരുടെ വീടുകളിലേക്ക് നോമ്പ് തുറക്ക് ക്ഷണിച്ച് കൊണ്ട് പോവുകയും ചെയ്യും.
അക്കാലത്ത് ഞാന്‍ സ്വദേശമായ വടകരയിലായിരുന്നു താമസം. എനിക്കും എന്റെ സഹപാഠിക്കും റമദാന്‍ ഉറുദിക്ക് പോയാല്‍ കൊള്ളാമെന്ന് ഒരാഗ്രഹം തോന്നി. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. കൂടുതല്‍ സ്ഥലപരിചയമില്ലാത്തതിനാല്‍ ഞങ്ങള്‍ എത്തിപ്പെട്ടത് ഒരു കിഴക്കന്‍ കുഗ്രാമത്തിലായിരുന്നു. ഞങ്ങള്‍ വ്യത്യസ്ത പള്ളികളിലേക്ക് പോയി. ളുഹറിനും അസറിനും ഞാന്‍ ഉറുദി പറഞ്ഞു. എഴുതി മനഃപാഠമാക്കിയ ഉറുദികളാണ് ഞങ്ങള്‍ പറഞ്ഞത്. രണ്ടിടങ്ങളില്‍ പറയാനുള്ള വിഭവമേ ഞങ്ങളുടെ അടുക്കല്‍ ഉണ്ടായിരുന്നുള്ളൂ. രണ്ട് പള്ളികളില്‍ ഉറുദി പറഞ്ഞ് പിരിച്ചു കിട്ടിയ കാശുമായി മഗ്‌രിബിനേക്ക് മറ്റൊരു പള്ളിയിലെത്തി. അവിടെ ഇശാഇന്റെ ഉറുദി ബുക്ക് ചെയ്തു. മഗ്‌രിബ് നിസ്‌കരിച്ച് ആളുകള്‍ പിരിഞ്ഞ് പോകുന്നിടത്ത് വാതിലിനരികിലായി ഞാന്‍ നിന്നു. പക്ഷേ നോമ്പ് തുറക്കാന്‍ ആരും എന്നെ കൊണ്ട് പോയില്ല. വീട്ടില്‍ അത്യാവശ്യം സൗകര്യമുള്ള ഞാന്‍ ഈ ഗതികേട് ഓര്‍ത്ത് വിഷണ്ണനായി നില്‍ക്കുമ്പോള്‍ പള്ളി അടച്ചു പൂട്ടി മുക്രിക്ക വന്നു. നിങ്ങളെ ആരും നോമ്പ് തുറക്കാന്‍ ക്ഷണിച്ചില്ലേ, എന്നാല്‍ എന്റെ കൂടെ പോന്നോളൂ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ട് പോയി. വീട്ടിലെത്തിയപ്പോള്‍ അകത്ത് ഒരു അങ്കലാപ്പ് പോലെ എനിക്ക് തോന്നി. മുക്രിക്ക പെട്ടെന്ന് പുറത്ത് പോയി തിരിച്ച് വന്നു. അടുത്ത വീട്ടില്‍ എന്തോ വിഭവം വാങ്ങാന്‍ പോയതാണെന്ന് ഞാന്‍ മനസിലാക്കി. അപ്പോള്‍ തന്നെ എന്റെ മനസില്‍ ഇത് തുടരണമോ എന്ന ചിന്തയായി. അതിനെ ബലപ്പെടുത്തി അന്നു രാത്രി തന്നെ മറ്റൊരു സംഭവമുണ്ടായി. ഇശാ നിസ്‌കാരത്തിന് ശേഷം ഉറുദി പറഞ്ഞപ്പോള്‍ സദസില്‍ നിന്ന ഒരാള്‍ അടുത്തിരിക്കുന്ന ഒരാളോട് ഉറക്കെ പറയുന്നത് ഞാന്‍ കേട്ടു. ഈ ഉറുദി തന്നെയാണ് ഈ മുസ്‌ലിയാര്‍ കുട്ടി ഞങ്ങളുടെ പള്ളിയില്‍ ഇന്ന് അസറിന് പറഞ്ഞത്. അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നാളെ കാലത്ത് വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലത്. പക്ഷേ കൂട്ടുകാരന്റെ അഭിപ്രായം അനുകൂലമാകുമോ എന്നാലോചിച്ചിരിക്കുമ്പോള്‍ നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്ക് അവന്‍ ധൃതിയില്‍ നടക്കുകയായിരുന്നു. കണ്ട ഉടനെ അവന്‍ പറഞ്ഞു: 'ഞാന്‍ ഏതായാലും തിരിച്ചുപോകുകയാണ്. നീ ഉറുദിയുമായി നടന്നോളൂ. ഇത് കേട്ട് ഞാന്‍ സന്തോഷവാനായി.
ഒരു നോമ്പുതുറയുടെ കഥ പറഞ്ഞ് അവസാനിപ്പിക്കാം. നന്തി ദാറുസലാം കോളജില്‍ റമദാന്‍ പ്രമാണിച്ച് അടയ്ക്കുന്ന ദിവസം ശൈഖുന ശംസുല്‍ ഉലമയുടെ മുറിയില്‍ ചെന്നപ്പോള്‍ ശൈഖുന എന്നോട് പറഞ്ഞു. നീ ഇപ്രാവശ്യം റമദാനില്‍ കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോകണം. ബഹുമാനാര്‍ത്ഥം കാണിക്കകളും കൊണ്ടുപോകണം. നോമ്പുതുറന്ന് അവരുമായി സംസാരിക്കുമ്പോള്‍ വളരെ ഭവ്യതയിലും ശ്രദ്ധാപൂര്‍വം സംസാരിക്കണം. കോളജിലേക്ക് വരുന്നതിന് യാത്രാ പ്രയാസമുണ്ടെങ്കില്‍ ഒരു വാഹനം സ്വന്തമായി ഏര്‍പ്പാട് ചെയ്യാമെന്ന് പറയണം.
ഞാനപ്പോള്‍ ഉസ്താദിന് സഹ ഉസ്താദുമാരോടുള്ള ആദരവിനെ കുറിച്ച് ഓര്‍ത്തു പോയി. ശൈഖുന കല്‍പ്പിച്ചത് പ്രകാരം ആ വര്‍ഷം സന്ധ്യയോടടുത്ത സമയത്ത് ജമാലുദ്ധീന്‍ ഉസ്താദിന്റെ വീട്ടിലെത്തി. മഹാനവര്‍കള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. സംസാരത്തിനിടയില്‍ ഞാന്‍ ശൈഖുനാ നിര്‍ദേശിച്ചത് പ്രകാരം യാത്രാ ബുദ്ധിമുട്ടുണ്ടെങ്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താമെന്ന് പറഞ്ഞു. എന്നാല്‍, അതൊന്നും വേണ്ട. ഞാന്‍ സാധാരണ വരുന്നത് പോലെ തന്നെ വന്നോളാമെന്ന് പറഞ്ഞു. അന്നത്തെ ആ നോമ്പ് തുറയെ കുറിച്ച് ഇപ്പോഴും ഞാന്‍ ഓര്‍മിക്കുകയാണ്. അവിടെയും മഹാനായ കെ.സി ഉസ്താദ് വീട്ടിലുള്ളവരോടൊപ്പം വിഭവങ്ങള്‍ ഒരുക്കുന്നതിനായി സഹായിക്കുന്നത് ഞാന്‍ കണ്ടു. മഹാനവര്‍കളുടെ അടുത്ത് തന്നെ ഇരുത്തി പത്തിരിയും ഇറച്ചിയും വയറു നിറയെ കഴിപ്പിച്ചു. ആ പത്തിരിയും ഇറച്ചിയും മലപ്പുറത്തിന് മകുടം ചാര്‍ത്തുന്ന പ്രത്യേക വിഭവം തന്നെയാണ്. ഞങ്ങളുടെ നാട്ടിലും അപ്പത്തരങ്ങളും ബിരിയാണികളും പലതരത്തിലുള്ളത് ഉണ്ടെങ്കിലും അതിനെയൊക്കെ വെല്ലുന്ന വിഭവമാണ് മലപ്പുറത്തിന്റെ നേരിയ പത്തിരിയും ഇറച്ചിയും. പല തവണ ഞങ്ങള്‍ അനുകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ തന്മയത്വം ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.
പരിശുദ്ധ റമാദാനിനെ പറ്റി പ്രവാചകന്‍ പറഞ്ഞത്: 'നോമ്പുകാരന് രണ്ട് സന്തോഷമാണുള്ളത്. ഒന്ന് നോമ്പ് തുറക്കുന്ന സമയത്ത് അവന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്ന സന്ദര്‍ഭത്തിലും മറ്റൊന്ന് സ്വര്‍ഗപ്രവേശനം ലഭിച്ച് അവിടെയുള്ള സൗകര്യങ്ങള്‍ അനുഭവിക്കുന്ന സന്ദര്‍ഭത്തിലുമാണെന്നാണ്.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."