നെടുമ്പാശ്ശേരിയില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ വേട്ട
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റെലിജന്‍സ് വിഭാഗം പിടിച്ചെടുത്തു.
ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹയില്‍ നിന്നുമെത്തിയ യാത്രക്കാരനായ മുഹമ്മദ് നിയാസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. വിമാനമിറങ്ങിയ ശേഷം ടെര്‍മിനലിലേക്ക് വരുന്നതിനിടെ ഡി.ആര്.ഐ സംഘത്തിന്റെ വലയിലാവുകയായിരുന്നു. മുഹമ്മദ് നിയാസിന്റെ ഹാന്റ് ബാഗില്‍ നിന്നാണ് രണ്ട് കിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണം കണ്ടെടുത്തത്. ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ കൂടി ഡി.ആര്.ഐയുടെ പിടിയിലായിട്ടുണ്ട്.
സ്വകാര്യ വിമാന കമ്പനി ജീവനക്കാരനായ അന്‍വര്‍ അബൂബക്കറാണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാന കമ്പനിക്ക് വേണ്ടി ഗ്രൗണ്ട് ഹാന്റ്ലിങ് വിഭാഗത്തില്‍ കസ്റ്റമര്‍ ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അന്‍വര്‍.
ദോഹയില്‍നിന്നു മുഹമ്മദ് നിയാസ് കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിലെ എയ്റോ ബ്രിഡ്ജിന് സമീപം കാത്തുനില്‍ക്കുമ്പോഴാണ് അന്‍വര്‍ അബൂബക്കര്‍ പിടിയിലാവുന്നത്. അന്‍വര്‍ വഴി സുരക്ഷിതമായി സ്വര്‍ണം പുറത്തെത്തിക്കാനായിരുന്നു പദ്ധതി. ഡി.ആര്.ഐ വിഭാഗത്തിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഇയാളെയും കുടുക്കിയത്.
അന്‍വര്‍ അബൂബക്കറിന്റെ വാടക വീട്ടില്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആറു ലക്ഷം ഇന്ത്യന്‍ രൂപയും കണ്ടെത്തിയിട്ടുണ്ട്. ഡി.ആര്.ഐയുടെ കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവരെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."