സിറിയ: ട്രംപിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹിലരി
വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച ട്രംപിന് ബശറുല്‍ അസദ് സര്‍ക്കാര്‍ നടത്തിയ രാസായുധ ആക്രമണത്തില്‍ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങളെ കുറിച്ച് പറയാന്‍ എന്തവകാശമെന്ന് ഹിലരി ക്ലിന്റന്‍.
പൊള്ളലേറ്റു മരിച്ച കുട്ടികളുടെ ചിത്രം പ്രദര്‍ശിപ്പിച്ചു സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ച ട്രംപിന്റെ നടപടിയെക്കുറിച്ച് ഹൂസ്റ്റണില്‍ നടന്ന സ്ത്രീകളുടെ അവകാശ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹിലറി.
2016 ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മാസങ്ങള്‍ക്കുശേഷം ആദ്യമായാണ് ഹിലരി പരസ്യമായി രാഷ്ട്രീയത്തില്‍ രംഗപ്രവേശം നടത്തിയത്. സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ തുടര്‍ച്ച എന്താണെന്ന് വ്യക്തമാക്കാന്‍ ട്രംപ് തയാറാകണം. സിറിയന്‍ പ്രസിഡന്റിന്റെ കൊലപാതക ഭരണത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയാറാകണമെന്നും ഹിലരി പറഞ്ഞു.
സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കില്ലെന്നും സിറിയന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്നും ഒരേ സ്വരത്തില്‍ എങ്ങനെയാണ് ട്രംപിന് പറയാന്‍ കഴിയുന്നതെന്ന് ചോദിച്ച ഹിലരി, അമേരിക്ക സിറിയയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സിറിയയിലെ പോര്‍ വിമാനങ്ങള്‍ നിരപരാധികള്‍ക്കെതിരേ നടത്തുന്ന ബോംബാക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."