ആരോഗ്യ അവലോകനം വാര്‍ഡ് തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു
മുക്കം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ആരോഗ്യ അവലോകനം കാര്യക്ഷമമാക്കാന്‍ വാര്‍ഡ് തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധം, രോഗചികിത്സ, ആരോഗ്യ പരിപാലനം, പുനരധിവാസം, സാന്ത്വന പരിപാലനം, ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവലോകനം നടത്താറുള്ളത്. ഇത് കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ അവലോകന യോഗങ്ങള്‍ വാര്‍ഡ്, ഡിവിഷന്‍ തലത്തിലും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ഓരോ മാസവും എല്ലാ വാര്‍ഡിലെയും ഡിവിഷനുകളിലെയും ആരോഗ്യ വിവരങ്ങള്‍ ആശാ വര്‍ക്കര്‍മാര്‍ നിശ്ചിത ഫോര്‍മാറ്റില്‍ തയാറാക്കും.
ഫോര്‍മാറ്റിന്റെ മാതൃക ആരോഗ്യവകുപ്പ് നല്‍കും. ഈ റിപ്പോര്‍ട്ട് വാര്‍ഡ് മെംബര്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍, അങ്കണവാടി വര്‍ക്കര്‍, എ.ഡി.എസ് ചെയര്‍പേഴ്‌സന്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടന, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ആരോഗ്യ മേഖലയില്‍ ഇടപെടുന്ന മറ്റു പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ അവലോകന യോഗത്തില്‍ അവതരിപ്പിക്കും.
റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ ആന്‍ഡ് ന്യുട്രീഷ്യന്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഓരോ മാസവും തദ്ദേശ സ്വയംഭരണ സ്ഥാപന തല റിപ്പോര്‍ട്ട് തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ മാസവും തദ്ദേശസ്ഥാപനതല ആരോഗ്യ അവലോകന യോഗങ്ങള്‍ ചേരുക. ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനതല യോഗത്തില്‍ പ്രത്യേകം അവലോകനം ചെയ്യുകയും വാര്‍ഡ്തല സാനിറ്റേഷന്‍ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. വാര്‍ഡ്തല ആരോഗ്യ അവലോകനം വരുന്നതോടെ കൃത്യമായ സ്ഥിതി വിവരക്കണക്കുകള്‍ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."