മുസ്‌ലിംലീഗ് 71ന്റെ നിറവില്‍; സ്ഥാപകദിന സമ്മേളനം നാളെ ആലപ്പുഴയില്‍
ആലപ്പുഴ: മുസ്‌ലിംലീഗിന്റെ 71-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നാളെ ആലപ്പുഴയില്‍ ഏകദിന സമ്മേളനം നടക്കും. സമ്മേളനം രാവിലെ 10ന് മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ഖാഇദെ മില്ലത്ത് നഗറില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി സംസാരിക്കും. 11 മണിക്ക് നടക്കുന്ന ആദ്യ സെഷനില്‍ പ്രത്യയശാസ്ത്രം എന്ന വിഷയം സി. ഹംസ അവതരിപ്പിക്കും.
12ന് നടക്കുന്ന രണ്ടാം സെഷനില്‍ അഭിമാനകരമായ അസ്തിത്വത്തിന്റെ 71 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ എം.സി വടകര, സി.പി സൈതലവി എന്നിവര്‍ സംസാരിക്കും. 2.30ന് നടക്കുന്ന മൂന്നാം സെഷനില്‍ സംവരണത്തിന്റെ ചരിത്രവും പോരാട്ടവും എന്ന വിഷയത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സംസാരിക്കും. 3.30ന് നടക്കുന്ന നാലാം സെഷനില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം എന്ന വിഷയം അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അവതരിപ്പിക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, അസംബ്ലി പാര്‍ട്ടി ലീഡര്‍ എം.കെ മുനീര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി എം.എല്‍.എ, പി.എച്ച് അബ്ദുസ്സലാം ഹാജി, കെ.ഇ അബ്ദുറഹ്മാന്‍, മിസ്ഹബ് കീഴരിയൂര്‍, സുഹ്‌റ മമ്പാട് പ്രസംഗിക്കും.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴു ജില്ലകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 5,000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികളില്‍ 500 പേര്‍ വനിതകളാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എ.എം നസീര്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, ബീമാപ്പള്ളി റഷീദ്, അഡ്വ. എച്ച്. ബഷീര്‍ കുട്ടി, എ. യഹ്‌യ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."