നായാടംപൊയിലില്‍ അനധികൃത വില്ല നിര്‍മാണസ്ഥലത്ത് ഉരുള്‍പൊട്ടി
തിരുവമ്പാടി: നായാടംപൊയിലില്‍ മലയിടിച്ച് അനധികൃത വില്ല നിര്‍മാണം നടത്തുന്നിടത്ത് ഉരുള്‍പൊട്ടി. സമുദ്രനിരപ്പില്‍നിന്ന് 3,200 അടി ഉയരത്തില്‍ അതീവപരിസ്ഥിതി ലോല പ്രദേശത്ത് ജണ്ട തകര്‍ത്തു നിര്‍മാണം നടക്കുന്നിടത്താണു സംഭവം. ഇവിടെ ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ റോഡ് വെട്ടി നടക്കുന്ന അനധികൃത നിര്‍മാണം നാലുമാസം മുന്‍പ് കൂടരഞ്ഞി പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കി നിര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇവിടെ നിര്‍മാണം പുനരാരംഭിച്ചതിനു പിറകെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
വില്ല നിര്‍മാണം നടക്കുന്നിടത്തുനിന്ന് 100 മീറ്റര്‍ മാറിയാണു മലവെള്ളപ്പാച്ചിലില്‍ ഉരുള്‍പൊട്ടിയത്. ഇതിന് 300 മീറ്റര്‍ താഴ്ചയില്‍ ക്വാറിക്കായി കണ്ടെത്തിയ സ്ഥലത്തും ഉരുള്‍പൊട്ടലുണ്ടായി. ഏതാണ്ട് ഒരു കിലോമീറ്റര്‍ താഴ്ചയിലേക്കു മരങ്ങളും പാറക്കഷണങ്ങളും ഒലിച്ചെത്തി. മണ്ണുമാന്തി ഉപയോഗിച്ചു വനാതിര്‍ത്തിയിലൂടെ വെട്ടിയുണ്ടാക്കിയ മണ്‍റോഡ് പലയിടത്തും ഒലിച്ചുപോവുകയും ചെയ്തു. ഒരാഴ്ച മുന്‍പുണ്ടായ ഉരുള്‍പൊട്ടല്‍ വിവരം സ്ഥലം സന്ദര്‍ശിച്ച കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും സംഘവും മറച്ചുവച്ചതായി ആരോപണവുമുണ്ട്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ കാന്റീന്‍ നടത്തിപ്പുകാരനായ പാലക്കാട് സ്വദേശി അലിയാണു നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വില്ലകള്‍ നിര്‍മിക്കുന്നത്. ഏഴ് ഏക്കര്‍ വിലക്കുവാങ്ങിയാണ് 37 വില്ലകള്‍ പണിയുന്നത്. നാലു വില്ലകളുടെ തറ പൂര്‍ത്തിയാക്കി കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
സംസ്ഥാന ദുരന്തനിവാരണ പ്ലാന്‍ പ്രകാരം അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശമാണിത്. ഇവിടെ 20 ഡിഗ്രി ചെരുവില്‍ മഴക്കുഴിപോലും പാടില്ല. എന്നാല്‍ 70 ഡിഗ്രി ചെരുവിലാണു മലവാരത്ത് വില്ലകള്‍ പണിതുയര്‍ത്തുന്നത്. താമരശേരി റെയ്ഞ്ചിനു കീഴില്‍ നിത്യഹരിത വനമേഖലയായ അകമ്പുഴ വനത്തിനോടു ചേര്‍ന്നാണു നിര്‍മാണങ്ങള്‍ നടക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഇവിടെ വര്‍ഷം മുഴുവന്‍ കോടമഞ്ഞുമൂടി തണുപ്പുള്ള കാലാവസ്ഥയാണ്. വനഭൂമിയുടെ ജണ്ട തകര്‍ത്ത് റോഡ് വെട്ടിയുള്ള നിത്മാണത്തിനെതിരേ വനംവകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."