കല്‍പാത താണ്ടി കുളിര്‍ കാഴ്ചയിലേക്ക്
വ്യക്തിപരമായ അസൗകര്യങ്ങള്‍ കാരണം ആഴ്ചതോറുമുള്ള യാത്രകള്‍ കുറവാണ്. അങ്ങനെ ഡിസംബര്‍ മാസത്തിലെ രണ്ടാം ശനിയും ഞായറും വന്നെത്തി. അവധി ദിനങ്ങള്‍ വരുമ്പോഴാണല്ലോ മനസ്സില്‍ യാത്രപോകാനുള്ള ഒരു ത്വര ഉണ്ടാകുന്നത്. ഈയിടെയായി യാത്രകള്‍ തട്ടിക്കൂട്ടി അവസാന നിമിഷം അത് ഉപേക്ഷിക്കുകയാണ് പതിവ്. ഡിസംബര്‍ എട്ട് ശനിയാഴ്ച വീട്ടില്‍ ചില ചില്ലറ പണികളൊക്കെ കഴിഞ്ഞിരിക്കുമ്പോള്‍ നമ്മുടെ സഹയാത്രികന്‍ അനന്ദു വീട്ടിലേയ്ക്കു വന്നു. 'എങ്ങോട്ടെങ്കിലും പോകാം ചേട്ടാ' എന്നായി അവന്‍. ഞാനാണെങ്കിലോ പല യാത്രകളും ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ ആകെ നിരാശയിലുമാണ്, പോകണം എന്നുണ്ടെങ്കിലും എന്തോ ഒരു മടി. അനന്ദു വീട്ടിലിരുന്ന യാത്രാമാസികയും നോക്കി ഇരുന്നു. മാസിക നോക്കിയിരുന്നപ്പോള്‍ അവനിലെ യാത്രികന്‍ ഉണര്‍ന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ താല്‍പര്യം കാരണം എനിക്കും പോയാല്‍ക്കൊള്ളാം എന്നായി. പിന്നെ അപ്പൂസിനെ വിളിച്ചു അവനും തയാറാണ്. പക്ഷെ വണ്ടിയുള്ള ഒരാള്‍കൂടി വേണമല്ലോ, അവനു വാഹനമില്ല. അപ്പോള്‍ തന്നെ നമ്മുടെ മനു മോഹന് സന്ദേശമയച്ചു. അവന്‍ വരാം എന്നേറ്റു. അവനോടുതന്നെ ഒരു ദിവസം കൊണ്ട് പോയിവരാവുന്ന ഒരിടം പറയാന്‍ പറഞ്ഞു, അളിയന്‍ ഒരു സ്ഥലം പറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല അങ്ങോട്ട് തന്നെ വിടാം എന്ന് തീരുമാനിച്ചു. അങ്ങനെ ഡിസംബര്‍ എട്ടിനു വളരെ വൈകി ഞായറാഴ്ചത്തെ ഞങ്ങളുടെ യാത്ര തീരുമാനിച്ചു ഇരുമുലച്ചിക്കല്ലിലേയ്ക്ക്.......
സ്ഥലത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ പരിചയമില്ലെങ്കിലും ഉറുമ്പിക്കര എന്ന പേര് എല്ലാപേര്‍ക്കും സുപരിചിതമാണ്. ഉറുമ്പിക്കര വഴി ഇരുമുലച്ചിക്കല്ലിലേയ്ക്ക്....
കോടമഞ്ഞിലൂടെ നൂഴ്ന്ന്
വെമ്പായം- വെഞ്ഞാറമൂട്- പത്തനാപുരം- പത്തനംതിട്ട- റാന്നി- എരുമേലി- മുണ്ടക്കയം വഴിയാണ് ഞങ്ങളുടെ യാത്ര. രാവിലെ ആയതിനാല്‍ തിരക്ക് കുറവാണു ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ വഴികളൊക്കെ നന്നാക്കിയിട്ടുമുണ്ട്. എരുമേലി എത്തിയപ്പോള്‍ അയ്യപ്പഭക്തരുടെ തിരക്ക് കാരണം നമ്മുടെ വണ്ടി അല്പം വഴിതിരിച്ചു വിട്ടു. അവിടുന്ന് തിരിഞ്ഞ ഞങ്ങള്‍ക്ക് അല്‍പം മുന്നോട്ടുപോയപ്പോള്‍ വഴി തെറ്റിയതായി സംശയം തോന്നി അടുത്തുള്ള പെട്ടിക്കടയില്‍ തിരക്കി. അവര്‍ വലത്തേയ്ക്കുള്ള ഒരു ഇടവഴി കാട്ടിത്തന്നു സത്യത്തില്‍ അത് ഞങ്ങളുടെ യാത്രയിലെ ഏറ്റവും മികച്ച ഒരു അനുഭവമാകും എന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല. ഇടവഴിയിലൂടെ അല്‍പം മുന്നോട്ടുപോയതും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മൂടല്‍മഞ്ഞ്. ഒരു രക്ഷയുമില്ല! കണ്ണിനു ഇത്രയും കുളിര്‍മയുള്ള കാഴ്ച വല്ലപ്പോഴും മാത്രമേ ലഭിക്കാറുള്ളൂ. ഇടതുവശം ഒരു ജലാശയമാണ്. അതിന് മുകളില്‍ നിറയെ മൂടല്‍മഞ്ഞു പൊതിഞ്ഞിരിക്കുന്നു. വണ്ടിയുടെ പ്രകാശത്തില്‍പോലും വഴി കാണാന്‍ കഴിയാത്തവിധം മഞ്ഞുമൂടിയിരിക്കുന്നു. ആ കാഴ്ച ഞങ്ങളുടെ യാത്രയില്‍ മറക്കാന്‍ പറ്റാത്ത ഒരനുഭവമായി. ഇടവഴികടന്നു ഞങ്ങള്‍ മുണ്ടക്കയം ലക്ഷ്യമാക്കി നീങ്ങി. രാവിലെ ഇറങ്ങിയതിനാലും പിന്നീടങ്ങോട്ട് കടകളോ മറ്റോ കാണില്ല എന്നതിനാലും മനു പറഞ്ഞതുപോലെ ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ അടുത്തു കണ്ട ഒരു കടയില്‍ കയറി പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് തിരിച്ചു.
ഇടയ്‌ക്കൊരു കുളി
മുണ്ടക്കയത്തു നിന്ന് അല്‍പം മുന്നോട്ടു മാറി ഇടതു വശത്തേയ്ക്ക് തിരിഞ്ഞു ബോയിസ് എസ്റ്റേറ്റ് റോഡ് വഴിയാണ് ഉറുമ്പിക്കരയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അല്‍പദൂരം നല്ല വഴിയാണ്. ഒരു രണ്ടു മൂന്നു കിലോമീറ്റര്‍ യാത്രചെയ്യുമ്പോള്‍ പാതയുടെ ഇടതുവശത്തായി ഒരു വെള്ളച്ചാട്ടമുണ്ട്, വെള്ളപ്പാറ. അത്യാവശ്യം ഉയരമുള്ള നല്ലൊരു വെള്ളച്ചാട്ടമാണ്. ഞങ്ങള്‍ വണ്ടി ഒതുക്കി വച്ച് വെള്ളച്ചാട്ടത്തിനടുത്തേയ്ക്കു നടന്നു. മഴക്കാലം അല്ലാത്തതിനാല്‍ വെള്ളം നന്നേ കുറവാണ് എന്നാലും നല്ല ഭംഗിയാണ്. കുളിക്കാന്‍ പറ്റിയ ഇടമാണ്. അധികം ആഴവുമില്ല. ഞങ്ങള്‍ ആരും തന്നെ വെള്ളച്ചാട്ടത്തില്‍ കുളിച്ചില്ല. പ്രത്യേകം വസ്ത്രങ്ങള്‍ എടുത്തിരുന്നില്ല എന്നതാണ് കാരണം. അല്‍പനേരം അവിടെനിന്നു ചിത്രങ്ങളുമെടുത്തു ഞങ്ങള്‍ മലകയറാന്‍ തുടങ്ങി. ഇനിയങ്ങോട്ട് വളരെ ദുര്‍ഘടം പിടിച്ച മണ്‍പാതയാണ്. കുറച്ചു മുകളിലായി മനോഹരമായ മറ്റൊരു വെള്ളച്ചാട്ടമുണ്ട്. വടക്കേമല വെള്ളച്ചാട്ടം എന്നും ഏന്തയാര്‍ വെള്ളച്ചാട്ടം എന്നും രണ്ടു പേരുകള്‍ ഉണ്ടതിന്. മഴക്കാലം ആയാല്‍ മാത്രമേ വെള്ളച്ചാട്ടങ്ങള്‍ക്കു അതിന്റെ പൂര്‍ണ സൗന്ദര്യം കൈവരുകയുള്ളു. ഓരോ ഋതുഭേദങ്ങളിലും കാഴ്ചകള്‍ക്ക് പല മനോഹാരിതയായിരിക്കും. അതാണ് പ്രകൃതിയുടെ മായാജാലം. ഞങ്ങള്‍ ഏന്തയാര്‍ വെള്ളച്ചാട്ടത്തിനടുത്തെത്തി. വഴിയില്‍നിന്നു കാണുമ്പോള്‍ തന്നെ കാഴ്ച മനോഹരം. അതിനു കുറുകെ ചെറിയൊരു ഇരുമ്പുപാലവും കാഴ്ചയ്ക്കു മിഴിവേകുന്നു. പലതട്ടുകളിലായുള്ള വെള്ളച്ചാട്ടമാണ്. നല്ല ഉയരത്തില്‍ നിന്ന് തന്നെ തട്ടുകളായി വെള്ളം ഒഴുകുന്ന ദൃശ്യം ഏതൊരാള്‍ക്കും സന്തോഷം പകരുന്ന ഒന്നാണ് എന്നതില്‍ സംശയമില്ല. ഞങ്ങള്‍ ആ ഇരുമ്പുപാലത്തിനടുത്തേയ്ക്കു നടന്നു. വര്‍ഷങ്ങളുടെ പഴക്കമുള്ള പാലമാണ്. കൈവരികള്‍ നശിച്ചു തുടങ്ങി. ആശ്രദ്ധമായി അതില്‍ ഒന്ന് ചാരിനിന്നാല്‍ പിന്നീടുണ്ടാകുന്ന അപകടം വളരെ വലുതാണ്. ഇവിടെയെത്തുന്ന സഞ്ചാരി സുഹൃത്തുക്കള്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഞങ്ങള്‍ കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം യാത്ര തുടര്‍ന്നു ഇരുമുലച്ചിക്കല്ല് ലക്ഷ്യമാക്കി.
ഓഫ്‌റോഡ് ട്രക്കിങ്
ഇനി യാത്ര അല്‍പം കൂടി കഠിനമാണ്. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ പക്കാ ഓഫ്‌റോഡ് യാത്ര. അല്‍പമൊന്നു പിഴച്ചാല്‍ പതിയിരിക്കുന്നത് വലിയ അപകടങ്ങളും. വളരെ ശ്രദ്ധാപൂര്‍വം വേണം ഇനിയുള്ള യാത്ര. ജീപ്പുകള്‍ മാത്രം പോകുന്ന പാതയാണ്, ഇരുചക്രവാഹനങ്ങള്‍ ഇവിടെ ഓടിക്കുക എന്നത് സാഹസികമാണ്. ഉറുമ്പിക്കരയും അവിടുത്തെ ഇടിഞ്ഞുപൊളിഞ്ഞ തേയില ഫാക്ടറിയും കടന്നു ഞങ്ങളുടെ സാഹസിക യാത്ര തുടര്‍ന്നു. ഏലത്തോട്ടങ്ങള്‍ ഇടയ്ക്കിടെ കാണുന്നുണ്ട്. ഒരു ഓഫ്‌റോഡ് യാത്രികന് നല്ലൊരു അനുഭവമായിരിക്കും ഈ വഴികള്‍. പല ഓഫ്‌റോഡ് യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത് ഒരു രക്ഷയുമില്ലാത്ത പാതയാണെന്നു നിസംശയം പറയാം. അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു ഈ യാത്ര. കിലോമീറ്ററുകള്‍ നീണ്ട ഓഫ്‌റോഡ് യാത്ര അവസാനം ഞങ്ങളെ ആ മലമുകളില്‍ കൊണ്ടെത്തിച്ചു. വണ്ടി ഒതുക്കി ഞങ്ങള്‍ ഇറങ്ങി. നല്ല ചൂടുണ്ട്, എന്നാലും മലമുകളില്‍ എത്തിയതും വീശിയടിച്ച ഇളംകാറ്റ് നിമിഷനേരം കൊണ്ട് ചൂടിനെ പമ്പകടത്തി. ഒരു വിഷമമേ ഉണ്ടായിരുന്നുള്ളു കയ്യില്‍ കുടിക്കാനുള്ള വെള്ളം കരുതിയില്ല. നല്ല ദാഹമുണ്ട് എല്ലാവര്‍ക്കും, അടുത്തെങ്ങും ഒരു വീടുപോലുമില്ല. ഇനി വെള്ളം കുടിക്കണമെങ്കില്‍ കുട്ടിക്കാനം എത്തണം. അങ്ങനെ ദാഹം ഒക്കെ സഹിച്ചു ഞങ്ങള്‍ ഇരുമുലച്ചിക്കല്ലില്‍ കുറച്ചുനേരം വിശ്രമിച്ചു. പിന്നീട് പുല്‍മേട്ടിലൂടെ കുറച്ച് നടത്തം. മലമുകളിലായി ഒരു അമ്പലമുണ്ട്, ഇരുമുലച്ചിയമ്മന്‍ കോവില്‍. അവിടെ ആകെ കണ്ടത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ നടന്നു മലയിറങ്ങുന്നതാണ്. അവര്‍ ഞങ്ങള്‍ക്ക് അത്ഭുതമായി. എത്രദൂരം നടന്നിട്ടുണ്ടാകും അവര്‍? ഇന്നത്തെ കാലത്തു ഇത്രയുമൊക്കെ നടന്നു പോകുന്നവര്‍ ചുരുക്കമാണ്. വണ്ടി എടുത്ത അന്നുമുതല്‍ ഞാന്‍ ആകെ നടക്കുന്നത് ട്രക്കിങിനു പോകുമ്പോള്‍ മാത്രം. ഒരു മണിക്കൂര്‍ മലമുകളില്‍ ചിലവിട്ട ശേഷം ഞങ്ങള്‍ കുട്ടിക്കാനം ലക്ഷ്യമാക്കി നീങ്ങി.
ഇനി മലയിറക്കം
അല്‍പദൂരം വണ്ടി ഓടിച്ചപ്പോള്‍ ഒരു കാര്യം മനസിലായി, കയറിയതിനേക്കാള്‍ പ്രയാസമാണ് ഇറങ്ങി വരാന്‍. വണ്ടിയുടെ അടിഭാഗം രണ്ടുമൂന്ന് തവണ കല്ലില്‍ ഉരയുകയും ചെയ്തു. ഇതുവരെ പുറകെയിരുന്ന അനന്തുവിനെ ഇറക്കി നടത്തേണ്ടി വന്നില്ല, പക്ഷെ ഇവിടെ ഒരു വഴിയുമില്ലാതെയായിപ്പോയി. കുറച്ചെങ്കിലും അവന്‍ നടന്നേ പറ്റൂ. അത്രയ്ക്ക് പ്രയാസമേറിയതാണ് പാറകള്‍ക്കിടയിലൂടെയുള്ള മലയിറക്കം. അങ്ങനെ ദുര്‍ഘടം പിടിച്ച വഴികളിലൂടെ പാറകള്‍ ഓരോന്നായി കയറിയിറങ്ങി എസ്റ്റേറ്റിന് പുറത്തിറങ്ങി. ഇനി എങ്ങനെയെങ്കിലും ദാഹമകറ്റണം, അതാണ് ലക്ഷ്യം, ഞങ്ങള്‍ കുട്ടിക്കാനത്തിനോട് വിടചൊല്ലി. മുണ്ടക്കയം എത്തി അവിടൊരു കടയില്‍ കയറി നാരങ്ങാവെള്ളം കുടിച്ചു യാത്ര തുടര്‍ന്നു. ദാഹത്തിനു താല്‍കാലികശമനം കിട്ടിയെന്നേ ഉള്ളു. പിന്നീട് രണ്ടു മൂന്നിടത്തു നിര്‍ത്തി വെള്ളം കുടിക്കേണ്ടി വന്നു. ഇനി നേരെ വീട്ടിലേയ്ക്ക്. വീട്ടിലിരുന്നു മടുക്കുമായിരുന്ന ഒരു അവധിദിനം അങ്ങനെ ഒരിക്കലും മറക്കാത്ത ഒരു യാത്ര സമ്മാനിച്ച് കടന്നുപോയ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."