മൂന്ന് പാക് കമാന്‍ഡോകള്‍ ഗുജറാത്ത് തീരക്കടലില്‍ കൊല്ലപ്പെട്ടു, രണ്ടുപേരെ രക്ഷപെടുത്തി
അഹമദാബാദ്: മൂന്ന് പാകിസ്താനി കമാന്‍ഡോകള്‍ ഗുജറാത്ത് തീരക്കടലില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ തിങ്കളാഴ്ചയാണ് അപകടം. ഗുജറാത്ത് തീരത്ത് ഉള്‍ക്കടലിലുണ്ടായ അപകടത്തിലാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. പാകിസ്താന് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ മൂന്ന് കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്. ആറുപേരടങ്ങിയ സംഘത്തില്‍ ഒരാളെ കാണാനില്ല. രണ്ടുപേരെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടുന്നതിനായി അതിര്‍ത്തി കടന്നെത്തിയ പാക് ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. ഏഴു മത്സ്യബന്ധന ബോട്ടുകള്‍ അവര്‍ പിടികൂടുകയുണ്ടായി. പിടികൂടിയ ബോട്ടുകളും അതിലെ മത്സ്യത്തൊഴിലാളികളുമായി തിരിച്ചുപോകുന്നതിനിടെ മറ്റൊരു ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുമായി പാകിസ്താന് തീരസേനയുടെ ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു. പാക് ബോട്ടിലുണ്ടായിരുന്ന ആറ് കമാന്‍ഡോകളും കടലില്‍ മുങ്ങിയെങ്കിലും ഇവരില്‍ രണ്ടുപേരെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
അപകട വിവരം ലഭിച്ച ഉടനെ തീരസേനയുടെ കപ്പലായ അരിഞ്ജയ് സ്ഥലത്തെത്തി. വെള്ളത്തില്‍ ഒഴുകിനടക്കുന്ന വിധത്തിലാണ് മൂന്ന് മൃതദേഹങ്ങളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്. രക്ഷപെട്ടവരെയും മൂന്ന് മൃതദേഹങ്ങളും പകിസ്താന് തീരസേനയ്ക്ക് കൈമാറി. പിടികൂടിയ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാക്സേന മോചിപ്പിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ 10 നോട്ടിക്കല്‍ മൈല്‍ ഉള്ളിലായാണ് അപകടം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."