കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ: ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിക്കപ്പെട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ വധശിക്ഷ വിധിച്ച പാക് സൈനിക കോടതി നടപടിയില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ശിക്ഷ നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ പാകിസ്താന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി.
ജാദവിനെതിരായ കുറ്റങ്ങള്‍ പരിഹാസ്യമാണ്. രാജ്യാന്തര ചട്ടങ്ങള്‍ പാലിക്കാതെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാക് നടപടി ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നും സുഷമ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യക്തമാക്കി.
ജാദവിനെതിരേ തെളിവുകളൊന്നുമില്ല. ആസൂത്രിത കൊലപാതകത്തിന്റെ നീക്കം മാത്രമാണിത്. അദേഹത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അവര്‍ വ്യക്തമാക്കി. ജാദവ് ഇന്ത്യയുടെ മകനാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
ജാദവിന് വധശിക്ഷ വിധിച്ചതില്‍ അടിസ്ഥാന നിയമം പോലും അട്ടിമറിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനായി സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്യും. ജാദവിന്റെ വധശിക്ഷയെ ഇന്ത്യ ശക്തമായി അപലപിക്കുകയാണ്. അദ്ദേഹത്തെ തിരികെയെത്തിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. സാമാന്യ നീതിയുടെ ലംഘനമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രി ആരോപിച്ചു.
ജാദവ് സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണ പ്രതിപക്ഷ ഭേദമന്യേ ശക്തമായി അപലപിച്ചു. ഇന്നലെ ലോക്‌സഭ സമ്മേളിച്ച ഉടന്‍ കോണ്‍ഗ്രസാണ് വിഷയം ഉന്നയിച്ചത്.
ഈ സംഭവത്തില്‍ രാജ്യം ആശങ്കയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അദ്ദേഹം റോ ചാരനാണെന്ന പാകിസ്താന്റെ വാദം കള്ളമാണ്.
വിഷയത്തില്‍ എന്തു കൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് ഖാര്‍ഗെ ചോദിച്ചു. കുല്‍ഭൂഷണെ നേപ്പാളില്‍ നിന്ന് തട്ടികൊണ്ടുപോയതാണെന്നും ശരിയായ രീതിയില്‍ വിചാരണ നടത്താതെ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുന്നത് കൊലപാതകമായേ കാണാനാവുവെന്നും ഖാര്‍ഗെ പറഞ്ഞു.
ക്ഷണിക്കാതെ പാകിസ്താനില്‍ പോയി വിവാഹത്തില്‍ പങ്കെടുത്ത താങ്കള്‍ക്ക് എന്തു കൊണ്ടാണ് ഈ വിഷയം ഉയര്‍ത്തികാട്ടാന്‍ സാധിക്കാത്തതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുത്ത മോദിയുടെ നടപടി ചൂണ്ടിക്കാട്ടി ഖാര്‍ഗെ ചോദിച്ചു. ജാദവിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് മോദിയുടെ പരാജയമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സഭ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു.
2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ ജാദവ് പിടിയിലായതായി പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചത്. ബലൂചിസ്താനിലെ ചമന്‍ പ്രദേശത്തു നിന്ന് അറസ്റ്റിലായ ജാദവ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ചാരനാണെന്നാണ് പാകിസ്താന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."