ബിഹാറില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി നിര്‍ണയം ലളിതമല്ല
പട്‌ന: മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ബിഹാറില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നീക്കം കോണ്‍ഗ്രസില്‍ സജീവമാകുന്നില്ല. പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്താനും മഹാസഖ്യമുണ്ടാക്കുന്നതിനുമായി ഘടക കക്ഷികളുമായി നടത്തിയ ചര്‍ച്ചയും എവിടെയുമെത്താത്ത സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അലട്ടുന്നത്. ഘടകകക്ഷി നേതാക്കളില്‍ പലരും സഖ്യസാധ്യതയെക്കുറിച്ച് ഇതുവരെ ചര്‍ച്ചക്ക് എത്തിയിട്ടില്ല. ആകെയുള്ള നാല്‍പ്പതില്‍ എത്ര സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ഒരു നിഗമനത്തിലെത്താന്‍ ഇതുവരെ കോണ്‍ഗ്രസിനായിട്ടില്ല.
2014ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി, എന്‍.സി.പി എന്നിവയുമായി ചേര്‍ന്നുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് 12 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത്രയും സീറ്റുകള്‍ ലഭിച്ചാല്‍ തന്നെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ അഭാവം പാര്‍ട്ടിയെ വല്ലാതെ അലട്ടുന്നുണ്ട്.
ശക്തരായ ആറ് നേതാക്കളുടെ പേരുകള്‍ സ്ഥാനാര്‍ഥി പട്ടികയിലേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മത്സര രംഗത്തേക്ക് നിരവധിപേരാണ് അവസരം കാത്തിരിക്കുന്നത്. മഹാസഖ്യം രൂപീകരിച്ചാല്‍ 10 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്.
ഇങ്ങനെയാണെങ്കില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ കഴിയില്ല. ഇത് പാര്‍ട്ടി നേതൃത്വത്തില്‍ വലിയതോതിലുള്ള അസ്വസ്ഥതകള്‍ക്ക് ഇടയാക്കാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ കുമാര്‍, പപ്പു യാദവ് തുടങ്ങിയവര്‍. മുന്‍ എന്‍.സി.പി നേതാവ് താരിഖ് അന്‍വര്‍, മുന്‍ ബി.ജെ.പി നേതാവ് കീര്‍ത്തി ആസാദ് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരത്തിന് തയാറായി രംഗത്തുണ്ട്.
കോണ്‍ഗ്രസ് അവസരം നല്‍കിയാല്‍ നിരവധി ബി.ജെ.പി നേതാക്കള്‍ രാജിവച്ച് പാര്‍ട്ടിയിലേക്ക് വന്നേക്കും. ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് വന്നാല്‍ അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന പട്‌ന സാഹിബ് മണ്ഡലം തന്നെ ആവശ്യപ്പെടുമെന്നാണ് വിവരം. ബി.ജെ.പിയുടെ ശക്തനായ മറ്റൊരു വിമര്‍ശകനായ ജഹനാബാദ് എം.പി അരുണ്‍ കുമാറും കോണ്‍ഗ്രസിലേക്ക് വരാനിരിക്കുകയാണ്.
ഇതിനിടയില്‍ എന്‍.ഡി.എയില്‍നിന്ന് വിട്ട് മഹാസഖ്യത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്കും സീറ്റ് നല്‍കേണ്ട സാഹചര്യം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."