ഇരിട്ടിയിലെ നാടോടി യുവതിയുടെ കൊലപാതകം: മാതാവിനെ പിതാവ് കൊല്ലുന്നതു കെണ്ടന്ന് മകന്റെ മൊഴി
ഇരിട്ടി (കണ്ണൂര്‍): ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ കൊലപാതകത്തിനു ദൃക്‌സാക്ഷിയായ മൂത്തമകന്‍ ആറുവയസുകാരന്‍ ആര്യന്‍ കോടതിയില്‍ നല്‍കിയ രഹസ്യസാക്ഷി മൊഴി പുറത്തായി. സി.ആര്‍.പി.സി 164 പ്രകാരം തലശ്ശേരി സി.ജെ.എം കോടതിയില്‍ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണു മൊഴി രേഖപ്പെടുത്തിയത്. ഇതോടെ ശോഭയുടെ കൊലപാതകത്തിനു നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിനു ലഭിച്ചു. കേസ് കോടതിയില്‍ തെളിയിക്കാന്‍ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കേസന്വേഷിച്ചിരുന്ന പേരാവൂര്‍ സി.ഐ എന്‍. സുനില്‍കുമാറിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി സാക്ഷിമൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 15നു പുലര്‍ച്ചെ മാതാവ് ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരീ ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതു താന്‍ കണ്ടുവെന്നും താനും സഹോദരി അമൃതയും ഉറക്കത്തിലായിരുന്നുവെന്നും ആര്യന്റെ മൊഴിയിലുണ്ട്. ബഹളംകേട്ട് ഉണര്‍ന്നപ്പോള്‍ മാതാവ് ശോഭയെ കഴുത്തു ഞെരിക്കുന്നതും ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് നാടോടികള്‍ താമസിച്ചിരുന്ന കൂടാരത്തിനു പുറത്തേക്ക് തന്റെ അമ്മയെ എടുത്തു കൊണ്ടുപോകുന്നതു കണ്ടുവെന്നുമാണ് സുപ്രധാനമൊഴി.
സംഭവംകണ്ട് നിലവിളിച്ച തന്നെ കരയേണ്ടെന്നു പറഞ്ഞ് മഞ്ജുനാഥ് സമാധാനിപ്പിച്ചു. ഉടന്‍ തന്നെ ആര്യനെയും ഉറങ്ങുകയായിരുന്ന സഹോദരി അമൃതയെയും കൂട്ടി ഇയാള്‍ ഇരിട്ടി ബസ്സ്റ്റാന്‍ഡിലേക്കു പോയെന്നും മൊഴിയിലുണ്ട്.
നിലവില്‍ സാഹചര്യതെളിവ് മാത്രമുള്ള കേസില്‍ ലഭിച്ച ദൃക്‌സാക്ഷി മൊഴി വഴി കോടതിയില്‍ കേസ് തെളിയിക്കാന്‍ അന്വേഷണസംഘത്തിനു കഴിയും. മുംബൈയില്‍ നിന്നു കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം മലപ്പുറം പാണ്ടിക്കാട്ടെ പിതൃസഹോദരിയോടൊപ്പമാണു കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."