എന്‍ഡോസള്‍ഫാന്‍ പുനരധിവാസം: ബജറ്റില്‍ വകയിരുത്തിയ തുക അപര്യാപ്തം
നീലേശ്വരം: ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നീക്കിവെച്ച തുക അപര്യാപ്തമെന്ന് ആക്ഷേപം. പത്തു കോടി രൂപയാണ് ഇവര്‍ക്കായി നീക്കിവച്ചിരുന്നത്. എന്നാല്‍ ആ തുക ദുരിതബാധിതരുടെ 50,000 മുതല്‍ രണ്ടു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിതള്ളാന്‍ പോലും മതിയാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുമാത്രം 10.99 കോടി രൂപ വേണമെന്നാണു കണക്കാക്കിയിരിക്കുന്നത്. ഇതില്‍ തന്നെ പരിഗണിക്കപ്പെടേണ്ടവര്‍ ഇനിയും പുറത്തുണ്ടെന്ന പരാതിയുമുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലുമാണ്.
അതേസമയം, രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ളവരുടെ കണക്ക് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. 5000 ല്‍ പരം ദുരിതബാധിതര്‍ പട്ടികയിലുണ്ടെങ്കിലും 3000 ല്‍പരം ആളുകള്‍ക്ക് മാത്രമാണ് ആശ്വാസധനം ലഭിച്ചത്. 2010 മാര്‍ച്ചിലാണ് ഇവര്‍ക്ക് ആശ്വാസധനം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചത്. 56 ദിവസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ആറു വര്‍ഷമായിട്ടും മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
ദുരിതബാധിതര്‍ക്ക് ആശ്വാസ ധനമായി വിതരണം ചെയ്യാന്‍ മാറ്റിവച്ചിരുന്ന 13 കോടി രൂപ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. പക്ഷേ കടം എഴുതിത്തള്ളാന്‍ ഇതില്‍ നിന്നു 10.9 കോടി രൂപ എടുത്തതോടെ ആശ്വാസധനവും മുടങ്ങി. ദുരിതബാധിതര്‍ക്കായുള്ള സൗജന്യമരുന്നു വിതരണം മുടങ്ങിയിട്ടു മാസങ്ങളായി. മുന്‍പു വിതരണം ചെയ്ത മരുന്നുകളുടെ കുടിശ്ശിക നീതിസ്റ്റോറുകള്‍ക്കു നല്‍കാത്തതാണ് ഇതിനു കാരണം. ഇത്തരം കാര്യങ്ങള്‍ക്കു കൂടി ആവശ്യമായ തുക നീക്കിവച്ചാല്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രാഥമികമായ ആവശ്യങ്ങളെങ്കിലും ഒരു പരിധിവരെ പൂര്‍ണമാകൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."