റിലയന്‍സിന് ഫൈബര്‍ കേബിളിടാന്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ അനുമതി
നിലമ്പൂര്‍: നഗരസഭാ ചെയര്‍പേഴ്സന്റെയോ കൗണ്‍സിലിന്റെയോ അനുമതിയില്ലാതെ റിലയന്‍സ് ജിയോ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച സംഭവം വിവാദമാകുന്നു. ഇതിനു സെക്രട്ടറി അനുമതി നല്‍കിയതിനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ നിലമ്പൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
മാര്‍ച്ച് മൂന്നിലെ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് അവസാനം ചര്‍ച്ച നടന്നത്. 2017 മാര്‍ച്ച് ഒന്പതിനു തറവാടകയുമായി ബന്ധപ്പെട്ടു റിലയന്‍സ് കമ്പനിയുമായി കരാറുണ്ടാക്കാന്‍ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, ചെയര്‍പേഴ്സണ്‍ കത്തു നല്കുന്നതിനു മുന്‍പു ഫെബ്രുവരി ആറിനു കമ്പനി ഏരിയാ മാനേജറുമായി സെക്രട്ടറി ഒപ്പുവച്ചുകഴിഞ്ഞിരുന്നു.
കൗണ്‍സിലര്‍മാരെ നോക്കുകുത്തിയാക്കി എക്സിക്യൂട്ടിവ് ഭരണം നടപ്പാക്കുകയും വന്‍ അഴിമതി നടത്തുകയും ചെയ്ത സെക്രട്ടറിക്കെതിരേ കേസ് നല്‍കണമെന്നും വകുപ്പുതല അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്താങ്ങുകയും ചെയ്തു.
തറവാടകയുമായി ബന്ധപ്പെട്ട് മീറ്ററിന് മൂന്നുരൂപ പ്രകാരം റിലയന്‍സുമായി കരാറുണ്ടാക്കി 68,47,500 രൂപ ചെക്ക് മുഖേന സ്വീകരിച്ചതും നഗരസഭയുടെ നിയമോപദേഷ്ടാവായ അഡ്വ. ബാബുമോഹനക്കുറുപ്പിന്റെ നിര്‍ദേശപ്രകാരമാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ഇതോടെ ഈ വിഷയത്തില്‍ മറ്റൊരു വക്കീലിന്റെകൂടി ഉപദേശം തേടണമെന്നും അതു ഹൈക്കോടതിയിലെ സീനിയര്‍ വക്കീലന്മാരില് ഒരാളായാല്‍ നന്നായിരിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. ആ നിര്‍ദേശവും നഗരസഭ അംഗീകരിച്ചു. നിലവില്‍ നഗരസഭ കൈപ്പറ്റിയിട്ടുള്ള 68 ലക്ഷം രൂപ തിരിച്ചുനല്കേണ്ടിവന്നാല് അതിനു തയാറാണെന്ന നിലപാടും യോഗത്തിലുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."