ആധുനിക വിവരശേഖരണവുമായി കുന്നോത്തുപറമ്പ് പഞ്ചായത്ത്
പദ്ധതി സംസ്ഥാനത്ത് ആദ്യം
പാനൂര്‍ (കണ്ണൂര്‍): ആധുനിക വിവരസാങ്കേതിക സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റം വഴി കുന്നോത്തുപറമ്പ് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും ഫോട്ടോ അടക്കമുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കുന്നു. റോഡ്, ലാന്‍ഡ് മാര്‍ക്ക്, തണ്ണീര്‍ത്തടങ്ങള്‍, സൂഷ്മതല ഭൂ വിനിയോഗ മാപ്പുകള്‍ എന്നിവ വെബ്‌പോര്‍ട്ടലില്‍ ആവശ്യാനുസരണം സെര്‍ച്ച് ചെയ്തു പരിശോധിക്കുന്നതിനായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഒരു കെട്ടിടത്തില്‍ നിന്ന് 120ഓളം വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം സമീപത്തുള്ള റോഡ്, പാലം, കല്‍വര്‍ട്ട്, ഡ്രെയിനേജ്, കനാല്‍, തരിശുനിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വയലുകള്‍ എന്നിവയുടെ ഫോട്ടോയോടു കൂടിയ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് മാപ്പ് ചെയ്ത് പകര്‍ത്തും. കൃത്യമായ വാര്‍ഡതിര്, നികുതി പരിധിയില്‍ വരാത്ത കെട്ടിടങ്ങള്‍, നികുതി വെട്ടിക്കുന്ന കെട്ടിടങ്ങള്‍, വ്യക്തികളുടെ സാമൂഹ്യ സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ വെബ് പോര്‍ട്ടലില്‍ ഏകീകരിക്കും. ജി.പി.എസ്, ഡ്രോണ്‍, ലേസര്‍ ടേപ്പ് ഡി.ജി.പി.എസ് എന്നിവ ഉപയോഗിച്ചുള്ള വിവരശേഖരണമാണു നടക്കുന്നത്. നേരത്തെ നഗരസഭകള്‍ ഈ രീതി അവലംബിച്ചിരുന്നെങ്കിലും ആദ്യമായാണ് ഒരു പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നതെന്നു പഞ്ചായത്ത് അധ്യക്ഷന്‍ കരുവാങ്കണ്ടി ബാലന്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐ.ടി വിഭാഗമാണു പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."