സാത്താന്‍സേവയെന്നത് കെട്ടുകഥ; കൊലയ്ക്കു കാരണം അവഗണനയെന്ന് കേഡല്‍
തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. ആസ്ട്രല്‍ പ്രൊജക്ഷന്‍ കെട്ടുകഥ മാത്രമായിരുന്നു. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡല്‍ പറഞ്ഞു.
അച്ഛനെ കൊന്നതിനു ശേഷമാണ് ഇയാള്‍ മറ്റുള്ളവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും പൊലിസ് അറിയിച്ചു.
കൊലപാതകത്തിനു പിന്നില്‍ സാത്താന്‍സേവയാണെന്ന മൊഴി പൊലിസ് തള്ളിയിരുന്നു. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്ന് മനശാസ്ത്രവിദഗ്ധരും വിലയിരുത്തിയിരുന്നു.
നന്തന്‍കോട് കൂട്ടക്കൊലയക്കുപിന്നില്‍ സാത്താന്‍സേവയെന്നാണ് പ്രതി ആദ്യം മൊഴി നല്‍കിയിരുന്നത്. താന്‍ നടത്തിയത് 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന പരീക്ഷണ കൊലയാണെന്നാണ് കേഡല്‍ പൊലിസിനോട് പറഞ്ഞത്. ശരീരത്തില്‍ നിന്ന് മനസിനെ മറ്റൊരു ലോകത്തെത്തിക്കാനുള്ള പരീക്ഷണമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍.
മാര്‍ത്താണ്ഡം നേശമണി കോളജില്‍ ഹിസ്റ്ററി പ്രൊഫസറായി വിരമിച്ച രാജ് തങ്കം(60), ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആര്‍.എം.ഒയായി വിരമിച്ച ഡോ. ജീന്‍ പദ്മ (58), ചൈനയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ മകള്‍ കരോലിന്‍ (25), ജീന്‍ പദ്മയുടെ ചെറിയമ്മ ലളിത (70) എന്നിവരെയാണു ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്നു വെട്ടിനുറുക്കി ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയിലുമായിരുന്നു. ഇതുകൂടാതെ വീട്ടിനുള്ളില്‍ നിന്നു പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."