വിമാനത്താവളങ്ങള്‍; വിവാദം പറത്താന്‍ മുന്നണികള്‍
#അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ മുഖ്യവിഷയമാക്കി വിവാദം പറത്താന്‍ മുന്നണികള്‍ രംഗത്ത്. കരിപ്പൂര്‍, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളില്‍ പ്രാധാനം. വിമാനത്താവളങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് പുറമെ മറ്റു മണ്ഡലങ്ങളിലും ഓരോ വിമാനത്താവളങ്ങളുടെ അവസ്ഥയും മുന്‍നിര്‍ത്തി അവകാശവാദവും ന്യൂനതകളും അവഗണനയും അക്കമിട്ടു നിരത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി എം.പിമാര്‍ പോസ്റ്ററുകളും ഉയര്‍ത്തിത്തുടങ്ങി.
കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരിനോടുള്ള അവഗണനയും കണ്ണൂരിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അമിത പ്രാധാന്യവുമാണ് യു.ഡി.എഫിന്റെ വജ്രായുധം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണവും യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ ചര്‍ച്ചയാക്കും. കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരേ മുസ്‌ലിം ലീഗും കോണ്‍ഗ്രസും സമരപാതയിലുണ്ടായിരുന്നു. 2015ല്‍ പിന്‍വലിച്ച വലിയ വിമാനങ്ങള്‍ തിരികെ എത്തിക്കാനും കരിപ്പൂരിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാനം സമരത്തിലൂടെ കഴിഞ്ഞെന്ന് യു.ഡി.എഫ് പറയുന്നു. കരിപ്പൂരിനെ തകര്‍ക്കാന്‍ കണ്ണൂരിന് വിമാന ഇന്ധന നികുതി 29.4 ശതമാനത്തില്‍നിന്ന് ഒരു ശതമാനമാക്കി കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയും യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കിയിരുന്നു. പിന്നീട് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു.
എന്നാല്‍ യു.ഡി.എഫ് ഭരണകാലത്ത് നഷ്ടമായ കരിപ്പൂരില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചത് തങ്ങളാണെന്നാണ് എല്‍.ഡി.എഫിന്റെ വാദം. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ തുനിഞ്ഞതും എല്‍.ഡി.എഫ് സര്‍ക്കാരാണ്. വിമാന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി കണ്ണൂരില്‍ വിമാനത്താവളം പൂര്‍ത്തിയാക്കിയതും എല്‍.ഡി.എഫ് ഭരണ കാലത്താണെന്ന് ഇടതുമുന്നണി ആണയിടുന്നു. വിമാന ഇന്ധന നികുതി കരിപ്പൂരിന് പുറമെ മറ്റു വിമാനത്താവളങ്ങള്‍ക്കും കുറച്ച് നല്‍കി. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വല്‍ക്കരണത്തിനെതിരേ സര്‍ക്കാര്‍ രംഗത്തു വന്നതും ഇടതുമുന്നണി ആയുധമാക്കും. എന്നാല്‍ ഇവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്ന് അവകാശപ്പെട്ട് ബി.ജെ.പിയും വിമാനത്താവളങ്ങള്‍ ചര്‍ച്ചയാക്കി ഗോദയിലേക്ക് ഇറങ്ങാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."