മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യ: സി.പി.എം നേതാക്കളുടെ മൊഴിയെടുത്തു
കൊച്ചി: സി.പി.എമ്മിനെതിരേ ആത്മഹത്യാ കുറിപ്പെഴുതി എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ കൃഷ്ണന് കായലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളില്‍ നിന്നു പൊലിസ് മൊഴിയെടുത്തു.
ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണു മൊഴിയെടുത്തത്.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മൂന്നുപേരുടെ മൊഴികള്‍ എളങ്കുന്നപ്പുഴ പൊലിസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. മുഴുവന്‍ അംഗങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.കെ ശശിയെ ചോദ്യം ചെയ്യുമെന്നു സൂചനയുണ്ട്. തന്നെ പാര്‍ട്ടിയില്‍നിന്നു പുകച്ചുപുറത്താക്കുന്ന സമീപനമാണു ലോക്കല്‍ കമ്മിറ്റിയുടേതെന്ന് കൃഷ്ണന്റെ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു.
ജീവനൊടുക്കാന്‍ ഇടയായ കാരണങ്ങള്‍ അന്വേഷിക്കണമെന്നു കൃഷ്ണന്റെ ബന്ധുക്കളും സി.പി.ഐ ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 10നു ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച് രൂക്ഷമായ തര്‍ക്കമുണ്ടായതായും ഇതിനിടെ കൃഷ്ണന് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."