ആധിപത്യത്തിന്റെ അടിത്തറ
ബ്രിട്ടീഷ് ആധിപത്യത്തിന് ഇന്ത്യയില്‍ അസ്ഥിവാരമിട്ടത് ബംഗാളിലാണ്. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ 1611-ല്‍ മസൂലിപട്ടണത്തും 1613-ല്‍ സൂററ്റിലും ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ ഫാക്ടറികള്‍ സ്ഥാപിച്ചിരുന്നു. 1641-ല്‍ സെന്റ് ജോര്‍ജ് കോട്ട മദ്രാസില്‍ പണികഴിപ്പിച്ചതോടെ മദ്രാസ് ഇംഗ്ലീഷുകാരുടെ പ്രധാനപ്പെട്ട കേന്ദ്രമായി വികസിച്ചു.
കേരളത്തില്‍ വിഴിഞ്ഞത്തും1651-ല്‍ ഹുഗ്ലിയിലും ഇംഗ്ലീഷ് വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 1690-ല്‍ ഹുഗ്ലി തീരത്തുള്ള കല്‍ക്കത്തയില്‍ വ്യാപാരശാലയും സ്ഥാപിച്ചു. ഇതോടെയാണ് ബ്രിട്ടീഷുകാര്‍ ബംഗാളില്‍ സാമ്രാജ്യത്വ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുഗള്‍ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ മാത്രമായിരുന്ന ബംഗാളില്‍, ഗവര്‍ണറുടെ കീഴില്‍ ഒരുദ്യോഗസ്ഥനായിരുന്ന അലിവര്‍ ദിഖാന്‍ ബംഗാളിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഭരണാധികാരമേറ്റെടുത്തു(1740). ഹിന്ദുക്കളെ ഉന്നത പദവികളില്‍ നിയമിച്ചും മറ്റും അദ്ദേഹം ബംഗാളിലെ ആഭ്യന്തര സമാധാനം നിലനിര്‍ത്തിപ്പോന്നു.
സിറാജ് ഉദ് ദൗള
അലിവര്‍ദിഖാന്റെ ഉയര്‍ച്ചയില്‍ അസൂയാലുവായിരുന്നു ഹൈദരാബാദിലെ നൈസാം. അദ്ദേഹം മഹാരാഷ്ട്രരോട് ചേര്‍ന്ന് ബംഗാളിനെ നിരന്തരം ആക്രമിച്ചു.1751-ല്‍ ഖാന്‍ ഒറീസ മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുത്താണ് അതിന് സമാധാനം നേടിയത്.1756-ല്‍ അലിവര്‍ദിഖാന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഇരുപതു വയസുള്ള പുത്രന്‍ സിറാജ് ഉദ് ദൗള ബംഗാളിലെ പുതിയ നവാബായി അധികാരമേറ്റു.സിറാജ് ഉദ് ദൗളയ്ക്ക് ബ്രിട്ടീഷുകാരോട് അങ്ങേയറ്റം വെറുപ്പായിരുന്നു.
സപ്തവത്സര സമര(1766-1763)ത്തിനു മുന്‍പായി ബ്രിട്ടീഷുകാര്‍ ബംഗാളിലുള്ള അവരുടെ കോട്ടകള്‍ സുശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനോട് നവാബ് ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം അവരോടാവശ്യപ്പെട്ടു. നവാബിന്റെ ഈ ഉത്തരവിനെ ബ്രിട്ടീഷുകാര്‍ നിരസിച്ചു.
തുടര്‍ന്ന് അവര്‍ക്കെതിരേ അദ്ദേഹം സൈനിക നടപടികള്‍ ആരംഭിച്ചു. കാസിം ബസാറിലെ ഫോര്‍ട്ട് വില്യം ഇംഗ്ലീഷ് ഫാക്ടറി നവാബിന്റെ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് കല്‍ക്കത്തയും ഇംഗ്ലീഷുകാര്‍ക്ക് നഷ്ടപ്പെട്ടു.
ഇരുട്ടറ ദുരന്തം
കല്‍ക്കത്തയില്‍ നിന്നു നവാബ് തടവിലാക്കിയ ബ്രിട്ടീഷ് സൈനികരെ, വായു സഞ്ചാരമില്ലാത്ത ഒരു ചെറിയ അറയിലാണ് അടച്ചു പൂട്ടിയത് എന്നായിരുന്നു ആരോപണം. ശ്വാസം മുട്ടിച്ചാണ് അവരെ കൊന്നത് എന്നും നവാബിനെതിരായി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സംഭവത്തിന് അവര്‍ നല്‍കിയ പേരാണ് കല്‍ക്കത്തയിലെ ഇരുട്ടറ ദുരന്തം (ബ്ലാക്ക് ഹോള്‍ ഓഫ് കല്‍ക്കത്ത).1756-ല്‍ സിറാജ് ഉദ് ദൗള കല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം ഇംഗ്ലീഷുകാരില്‍ നിന്ന് പിടിച്ചടക്കിയതാണ് പ്ലാസി യുദ്ധത്തിന്റെ അടിയന്തര കാരണം. സിറാജ് ഉദ് ദൗള കോട്ടയെ 1756-ല്‍ അലിനഗര്‍ എന്നു പുനര്‍ നാമകരണം ചെയ്തു. ചരിത്രത്തിന് നിരക്കാത്ത വെറുമൊരു കെട്ടുകഥയാണ് ഈ സംഭവമെന്ന് പില്‍ക്കാല ചരിത്ര ഗവേഷകന്മാര്‍ തെളിയിച്ചിട്ടുണ്ട്. കല്‍ക്കത്തയിലെ ഇരുട്ടറ ദുരന്തത്തില്‍ 18 അടി നീളവും15 അടി വീതിയുമുള്ള ഒരു മുറിയില്‍ 145 ബ്രിട്ടീഷ് തടവുകാരെയാണ് പാര്‍പ്പിച്ചതെന്ന് പറയപ്പെടുന്നു. ഇതില്‍ രാത്രി കഴിഞ്ഞ് ജീവനോടെ അവശേഷിച്ചത് 23 പേര്‍ മാത്രമായിരുന്നു.
മിര്‍ ജാഫറിന്റെ ചതി
മിര്‍-ജാഫറും ക്ലൈവും തമ്മിലുണ്ടായ സന്ധിയെത്തുടര്‍ന്ന് ദ്രുത ഗതിയില്‍ കാര്യങ്ങളുടെ സമാപ്തിയിലേക്കെത്തി.1757-ല്‍ പ്ലാസിയിലെ പോര്‍ക്കളത്തില്‍ സിറാജ്-ഉദ് ദൗളയുടെ സൈന്യവും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടി. സ്വന്തം സേനാനായകന്റെ വഞ്ചന കാരണം ഈ യുദ്ധത്തില്‍ സിറാജ്-ഉദ് ദൗള പോര്‍ക്കളത്തില്‍ വച്ച് മരണമടഞ്ഞു. മിര്‍-ജാഫറുമായുള്ള ഉടമ്പടി പ്രകാരം ക്ലൈവ് അദ്ദേഹത്തെ നവാബായി വാഴിച്ചു. നേരത്തെ നല്‍കിയ വാഗ്ദാനമനുസരിച്ച് മിര്‍ജാഫര്‍ കല്‍ക്കത്തയുടെ പ്രാന്തപ്രദേശങ്ങളായ ഇരുപത്തിനാലു പര്‍ഗാനകള്‍ ഇംഗ്ലീഷുകാരെ ഏല്‍പ്പിച്ചു കൊടുത്ത് ക്ലൈവിന് വലിയ ഒരു തുക കോഴയായി നല്‍കി.
ബംഗാള്‍ പ്രവിശ്യ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്
പ്ലാസി യുദ്ധത്തോടെ ബംഗാള്‍ പ്രവിശ്യ പൂര്‍ണമായും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. ബംഗാള്‍ ഖജനാവില്‍ നിന്നു ലഭിച്ച ഭീമമായ ധനം സൈനിക ശക്തി സാരമായി വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാപനത്തിന്റെ നിര്‍ണായകമായ ഒരു നാഴികക്കല്ലായി ഈ യുദ്ധം അറിയപ്പെടുന്നു.
പേരിന് നവാബ് ഭരണാധികാരിയായി തുടര്‍ന്നെങ്കിലും യഥാര്‍ഥ ഭരണാധികാരം ഇംഗ്ലീഷുകാരില്‍ നിക്ഷിപ്തമായിരുന്നു. കാലക്രമത്തില്‍ ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവന്‍ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ സാധിച്ചത് പ്ലാസിയില്‍ അവര്‍ നേടിയ വിജയത്തിന്റെ ഫലമായാണ്. യുദ്ധക്കളത്തിനടുത്തുള്ള ഗ്രാമമായ പലാശി എന്നതിനെ ഇംഗ്ലീഷുകാര്‍ പ്ലാസി എന്ന് ഉച്ചരിച്ചതിനാലാണ് പ്ലാസി യുദ്ധം എന്ന പേര് ഈ യുദ്ധത്തിന് വന്നുചേര്‍ന്നത്.
വലിയ സൈന്യം, എന്നിട്ടും തോല്‍വി
ഈ യുദ്ധത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കരസേനയുടെ എണ്ണം നവാബിന്റെ സൈന്യത്തെ അപേക്ഷിച്ച് തുലോം കുറവായിരുന്നു. ബ്രിട്ടീഷ് സൈന്യത്തില്‍ 950 യൂറോപ്യന്മാരും 2,100 തദ്ദേശീയ ഇന്ത്യന്‍ ശിപായികളും എണ്ണത്തില്‍ കുറവ് തോക്കുകളും ആയിരുന്നു ഉണ്ടായിരുന്നത്. സിറാജ്-ഉദ് ദൗളയുടെ സൈന്യത്തില്‍ ഏകദേശം 5000 സൈനികരും 40 ഫ്രഞ്ച് സൈനികര്‍ പ്രവര്‍ത്തിപ്പിച്ച പീരങ്കികളും ഉണ്ടായിരുന്നു. ഈ സൈനികരില്‍ 1600 പേര്‍ യുദ്ധം ചെയ്തില്ല. പ്ലാസി യുദ്ധത്തില്‍ നവാബിന്റെ 500-ല്‍പരം പട്ടാളക്കാര്‍ മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തു. ബ്രിട്ടീഷുകാരുടെ 22 പേരാണ് മരിച്ചത്. (7 യൂറോപ്യന്‍മാര്‍, 16 തദ്ദേശീയര്‍). 53 പേര്‍ക്ക് പരുക്കേറ്റു (13 യൂറോപ്യന്‍മാരും 36 തദ്ദേശീയരും) 1765 റോബര്‍ട്ട് ക്ലൈവ് ബംഗാളിന്റെ ഗവര്‍ണറായും വാട്‌സ് ഫോര്‍ട്ട് വില്യമിന്റെ ഗവര്‍ണര്‍ ആയും നിയമിതനായി. റോബര്‍ട്ട് ക്ലൈവ് കഞ്ചാവിന് അടിമയായി 1774-ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്ലാസി യുദ്ധമായത്
പലാശിപ്പട്ടണത്തെ യുദ്ധം
ബംഗാളില്‍ ബ്രിട്ടീഷുകാര്‍ക്ക് നേരിട്ട പരാജയങ്ങളുടെ വാര്‍ത്ത മദ്രാസിലെ സെന്റ് ജോര്‍ജ് കോട്ടയില്‍ അറിഞ്ഞ ഉടനെ ബ്രിട്ടീഷ് അധികാരികള്‍ സത്വര നടപടികള്‍ കൈക്കൊണ്ടു. മദ്രാസില്‍ നിന്ന് കരസൈന്യവും നാവിക സൈന്യവും ബംഗാളിലേയ്ക്ക് കുതിച്ചു. 1757 ജൂണ്‍ 23-ന് പശ്ചിമ ബംഗാളിലെ ഭഗീരഥി നദിയുടെ തീരത്തുള്ള പലാശി പട്ടണത്തില്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേനയും സിറാജ് ഉദ്ദൗളയുടെയും സഖ്യകക്ഷിയായിരുന്ന ഫ്രഞ്ച് സേനയും തമ്മിലുണ്ടായ പോരാട്ടത്തില്‍ സംയുക്തസേന പരാജയപ്പെട്ടു.
കല്‍ക്കത്തയ്ക്ക് 150 കിലോമീറ്റര്‍ വടക്കായി ബംഗാള്‍ നവാബിന്റെ തലസ്ഥാനമായിരുന്ന മുര്‍ഷിദാബാദിന് സമീപത്താണ് പലാശി പട്ടണം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പോരാടാനായി ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ചെറിയ സൈന്യത്തെ അയച്ചു. സിറാജ്-ഉദ് ദൗളയെ സ്ഥാനഭ്രഷ്ടനാക്കുക എന്ന ലക്ഷ്യത്തോടെ റോബര്‍ട്ട് ക്ലൈവ് സിറാജ്-ഉദ് ദൗളയുടെ സേനാനായകനായ മിര്‍-ജാഫറുമായി ഗൂഢാലോചന നടത്തി. ഇതിന്റെ ഫലമായി മിര്‍-ജാഫറിനെ ബംഗാളിലെ നവാബായി വാഴിക്കാമെന്ന് ക്ലൈവും ഏറ്റു. ഈ രഹസ്യ സന്ധിയിലെ വ്യവസ്ഥകള്‍ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിയ അമീര്‍ ചന്ദ് എന്നൊരു വ്യാപാരിക്ക് ഭാരിച്ച തുക സമ്മാനമായി നല്‍കാമെന്ന വാഗ്ദാനം നല്‍കി ക്ലൈവ് വശത്താക്കി. പക്ഷേ, കള്ളയൊപ്പിട്ട് വ്യാജ രേഖ മുഖാന്തരമാണ് അദ്ദേഹം ഈ വാഗ്ദാനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."