ഗ്രൂപ്പ് ഘട്ടം: അവസാന മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
റഷ്യ - ഉറുഗ്വെ സഊദി അറേബ്യ - ഈജിപ്ത്
സാമറ അരീന: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്നത്തെ ആദ്യ മത്സരത്തില്‍ റഷ്യ ഉറുഗ്വെയെയും സഊദി അറേബ്യ ഈജിപ്തിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും നടക്കുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനുള്ള മത്സരവും കൂടിയാണിത്. ഗ്രൂപ്പ് എയില്‍ നിലവില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റഷ്യ.
രണ്ട് കളികള്‍ ജയിച്ച ഉറുഗ്വേക്കും ആറ് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ റഷ്യയാണ് പട്ടികയില്‍ മുന്നിലുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകളാണ് റഷ്യ അടിച്ചു കൂട്ടിയത്. ആദ്യ മത്സരത്തില്‍ സഊദിയെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത റഷ്യ രണ്ടാം മത്സരത്തില്‍ ഈജിപ്തിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കും തകര്‍ത്തു.
കഴിഞ്ഞ രണ്ട് കളികള്‍ നോക്കുകയാണെങ്കില്‍ റഷ്യക്കാണ് മുന്‍തൂക്കം. രണ്ടു മത്സരങ്ങളില്‍ നിന്നായി ഉറുഗ്വെ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് നേടിയത്. പക്ഷേ ഇതുവരെ ഗോളുകളൊന്നും വഴങ്ങിയില്ലായെന്നത് ഉറുഗ്വെക്ക് കരുത്ത് പകരുന്നുണ്ട്. സുവാരസിന്റെയും കവാനിയുടെയും നേതൃത്വത്തിലുള്ള മുന്നേറ്റ നിരയും ഗോഡിന്റെയും ജിമെനസിന്റിന്റെയും കീഴിലുള്ള ശക്തമായ പ്രതിരോധവും ഉറുഗ്വെക്കുണ്ടെങ്കിലും ആവശ്യ ഘട്ടങ്ങളിലെല്ലാം അവര്‍ക്ക് കാലിടറുകയാണ് പതിവ്. ഡെനിസ് ചെറിഷേവും ഡിസ്യൂബയും അടങ്ങിയ മുന്നേറ്റനിരയാണ് റഷ്യയുടെ കരുത്ത്. കൂടാതെ ഗാലറിക്കരുത്തും അവര്‍ക്ക് തുണയാകും.
രണ്ട് കളികള്‍ പരാജയപ്പെട്ട സഊദിക്കും ഈജിപ്തിനും ഇന്നത്തെ മത്സരം അഭിമാനപോരാട്ടമായിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ തുല്യശക്തികളുടെ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനാല്‍ രണ്ട് ടീമുകളും അവസാന മത്സരം വിജയിച്ചു തിരിച്ചുപോക്ക് അവിസ്മരണീയമാക്കാനൊരുങ്ങുകയാണ്.
ജിമെനസിന് പരുക്ക്
മോസ്കോ: ഉറുഗ്വെ പ്രതിരോധ താരം ജിമനെസിന് പരുക്ക്. സഊദി അറേബ്യക്കെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ തുടയെല്ലിന് പരുക്കേറ്റ താരം ഇന്ന് റഷ്യക്കെതിരേയുള്ള മത്സരത്തിനിറങ്ങില്ല. പരുക്ക് ഗുരുതരമല്ലെങ്കിലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഉറുഗ്വെ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി ജിമെനസ് ഒരു ഗോള്‍ നേടിയിട്ടുണ്ട്. സമനിലയിലേക്ക് നീങ്ങിയ ഈജിപ്തിനെതിരേയുള്ള ആദ്യ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ ഹെഡറിലൂടെ ഗോള്‍ നേടി ജിമെനസാണ് ഉറുഗ്വെയെ വിജയിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."