ഹജ്ജ് 2017 : റൂമുകള്‍ നാല് പേര്‍ക്കാക്കി ചുരുക്കിയ മന്ത്രാലയ നടപടി അംഗീകരിക്കാനാവില്ലെന്ന് കെട്ടിട ഉടമകള്‍
റിയാദ്: ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിടങ്ങളില്‍ ഒരു റൂമില്‍ നാല് തീര്‍ഥാടകര്‍ എന്ന വ്യവസ്ഥക്കെതിരെ കെട്ടിട ഉടമകള്‍ രംഗത്തെത്തി.
ഇക്കാര്യത്തില്‍ സഊദി ഉംറ, ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും മന്ത്രിസഭ നേരത്തെ പുറപ്പെടുവിച്ച തീരുമാനമാണ് നടപ്പിലാക്കേണ്ടതെന്നും കെട്ടിട ഉടമകള്‍ വ്യക്തമാക്കി.
ഈ വര്‍ഷത്തെ ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിനിടെയാണ് പുതിയ നിബന്ധനയുമായി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്തെത്തിയത് .
നേരത്തെ മന്ത്രിസഭാ തീരുമാനമനുസരിച്ചു ഒരു തീര്‍ഥാടകന് നാല് ചതുരശ്ര മീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരം ഒരു മുറിയില്‍ ആറു മുതല്‍ എട്ടു വരെ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാവുന്നതരത്തിലാണ് റൂമുകള്‍ സംവിധാനിച്ചിരിക്കുന്നതെന്നു കെട്ടിട ഉടമകള്‍ വ്യക്തമാക്കുന്നു.
പുതിയ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഹജ്ജ് ,ഉംറ മന്ത്രാലയം പുറത്തിറക്കിയ വ്യവസ്ഥ തള്ളിക്കയുന്നതായും ഹജ്ജ് പാര്‍പ്പിട കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ തീരുമാനം കെട്ടിട ഉടമകളെ ഞെട്ടിച്ചതായും മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിനു പിന്‍ബലമില്ലെന്നും കെട്ടിട ഉടമകളും നിക്ഷേപകരും വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിനു ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച സംവിധാനമുണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താമസ സൗകര്യം സംവിധാനിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരെ പാര്‍പ്പിക്കുന്നതിനു വാടകക്ക് നല്‍കുന്ന കെട്ടിട ഉടമകള്‍ അപേക്ഷ നല്‍കി ലൈസന്‍സ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷമാണു പുതിയ വ്യവസ്ഥയുമായി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."