വറുതിയില്‍ ആശ്വാസം
ചാലിയം തീരത്ത് ചെമ്മീന്‍ ചാകര ചാലിയം: വറുതിയുടെ നാളുകളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വസമായി ചാലിയത്ത് ചെമ്മീന്‍ ചാകര. ചെട്ടിപ്പടി, പരപ്പനങ്ങാടി, ആനങ്ങാടി, ചാലിയം, മാറാട് ഭാഗങ്ങളില്‍ നിന്നു പോയ വള്ളക്കാര്‍ക്കാണ് വല നിറയെ ചെമ്മീന്‍ കിട്ടിയത്.
പൂവാലന് ഇനത്തില്‍പെട്ട ചെമ്മീന്‍ ഇന്നലെ രാവിലെ ഒന്‍പത് മുതലാണ് കടലില്‍ കണ്ടുതുടങ്ങിയത്. മത്സ്യ ലഭ്യത കുറഞ്ഞത് കാരണം ആളൊഴിഞ്ഞിരുന്ന ചാലിയം ഫിഷിങ് ലാന്റിങ് സെന്ററില്‍ ചെമ്മീനുമായി വെള്ളക്കാരെത്തിയതോടെ ആരവം വീണ്ടുമുയര്‍ന്നു.
ട്രോളിങ്ങിനും കാലാവസ്ഥാ മാറ്റത്തിനും പുറമെ ആഴക്കടലില്‍ നിന്ന് യന്ത്രവല്‍കൃത ബോട്ടുകളുടെ അശാസ്ത്രീയമായ മീന്‍പിടിത്തവും രാത്രികാലങ്ങളിലെ നിരോധിത വലയുടെ മത്സ്യബന്ധനവും കാരണം ഏറെ പ്രയാസപ്പെട്ട പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ആശ്വാസമായാണ് ചെമ്മീന്ചാകരയെത്തിയത്. യന്ത്രവല്‍കൃത വലിയ ബോട്ടുകള്‍ക്ക് ട്രോളിങ് നിരോധനം ഉള്ളതിനാല്‍ നിലവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്.
40 ടണ്ണിലധികം ചെമ്മീനാണ് ലഭിച്ചത്. കിലോയ്ക്ക് 150 മുതല്‍ 200 രൂപ തോതിലായിരുന്ന വില്പന. 10 ലക്ഷം രൂപയ്ക്ക് വരെ ചെമ്മീന്‍ വില്പന നടത്തിയ വള്ളക്കാരുമുണ്ട്. കടല്‍ക്ഷോഭത്തിനു ശേഷം സാധാരണയുണ്ടാകാറുളള ചാകരയാണിതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം കൊയിലാണ്ടി മുതല്‍ തൃശൂര്‍ പാലപ്പെട്ടി വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കും ചെമ്മീന്‍ ലഭിച്ചിട്ടുണ്ട്. ചില്ലറ വില്പനയ്ക്ക് പുറമെ കൊച്ചിയില്‍ നിന്നും എത്തിയ ഏജന്റുമാരും ടണ്‍ കണക്കിന് ചെമ്മീനാണ് കയറ്റിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."