ജോസഫിന് സീറ്റില്ല; കോട്ടയത്ത് ചാഴിക്കാടന്‍
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം തോമസ് ചാഴിക്കാടന്‍ മത്സരിക്കും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയാണ് ചാഴിക്കാടന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തിനായി പി.ജെ ജോസഫ് ആഴ്ചകളായി ഉന്നയിച്ച ആവശ്യം തള്ളിയാണ് മാണി തീരുമാനം പ്രഖ്യാപിച്ചത്.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ പി.ജെ ജോസഫിനെയും കൂട്ടരെയും രാഷ്ട്രീയവൃത്തങ്ങളെയുമാകെ ഞെട്ടിച്ച് കെ.എം മാണി തോമസ് ചാഴിക്കാടന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് അന്തിമ തീരുമാനമെടുക്കാന്‍ കെ.എം മാണിയെ ചുമതലപ്പെടുത്തിയത്. ഇന്നലെ രാവിലെ മുതല്‍ പാലായിലെ വസതിയില്‍ മാണിയും മകന്‍ ജോസ്.കെ മാണിയും മണ്ഡലം ഭാരവാഹികളുള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നു. പി.ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ ഭൂരിഭാഗം നേതാക്കളും എതിര്‍ത്തു. ഏറ്റുമാനൂരില്‍ നിന്നു തുടര്‍ച്ചയായി നാല് തവണ തോമസ് ചാഴിക്കാടന്‍ എം.എല്‍.എ ആയിട്ടുണ്ട്. ചാഴിക്കാട്ട് തൊമ്മന്‍ സിറിയക്ക്- ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. 1991ല്‍ സഹോദരന്‍ ബാബു ചാഴിക്കാടന്റെ നിര്യാണത്തെത്തുടര്‍ന്ന് ഏറ്റുമാനൂരില്‍ നിന്ന് കേരളാ കോണ്‍ഗസ് (എം) സ്ഥാനാര്‍ഥിയായി നിയമസഭയിലെത്തി.
കടുത്ത അമര്‍ഷമെന്ന് ജോസഫ്
തൊടുപുഴ: സീറ്റ് നല്‍കാത്തതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും തീരുമാനം നീതിപൂര്‍വമല്ലെന്നും പി.ജെ ജോസഫ് പ്രതികരിച്ചു. ഈ തീരുമാനം അംഗീകരിക്കില്ല. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. കേട്ടുകേള്‍വിയില്ലാത്ത രീതിയിലൂടെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."