ഹോട്ടല്‍ റെയ്ഡുകള്‍ പ്രഹസനമാകുന്നു; ഇപ്പോഴുംനല്‍കുന്നത് പഴകിയ ഭക്ഷണം
ഏറ്റുമാനൂര്‍: നഗരസഭ നടത്തിയ ഹോട്ടല്‍ റെയ്ഡുകളില്‍ പിടിക്കപ്പെട്ട ഭക്ഷണശാലകളില്‍ ഇപ്പോഴും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി . പരിശോധനയില്‍ പിടിക്കപ്പെട്ട ഹോട്ടലുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് ഹോട്ടലുടമകളെ സംരക്ഷിക്കാനെന്നാണ് ആരോപണം.
രണ്ട് തവണകളായി അമ്പതോളം ഹോട്ടലുകളില്‍ പരിശോധന നടത്തിയിട്ടും ഹോട്ടലുകളുടെ പേരുവിവരം പ്രസിദ്ധപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. അതേ സമയം, ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് രണ്ടാമത് നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലിന് താഴ് വീണെങ്കിലും അധികം ദിവസം കഴിയും മുന്‍പേ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടന്ന പരിശോധനകളില്‍ പിടിക്കപ്പെട്ട ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നിട്ടും തുടര്‍പരിശോധനയ്ക്ക് നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടാമത് നടന്ന പരിശോധനയില്‍ ആദ്യം പരിശോധിച്ച ഹോട്ടലുകളെ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകനായ പേരൂര്‍ പെരുമാലില്‍ മോന്‍സി പി.തോമസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിന് മറുപടി ലഭിച്ചതില്‍ ഏറെ അവ്യക്തതകളാണ് നിറഞ്ഞു നില്‍ക്കുന്നത്.ഫെബ്രുവരി മൂന്നിനാണ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആദ്യമായി ഹോട്ടലുകളില്‍ മിന്നല്‍പരിശോധന നടത്തിയത്. ഹോട്ടലുകള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ പരിശോധന എന്നും അതിനാല്‍ ഹോട്ടലുകളുടെ പേരുവിവരം വെളിപ്പെടുത്തുന്നുമില്ല എന്നായിരുന്നു അന്ന് അധികൃതരുടെ നിലപാട്. അന്നും മോന്‍സി പി.തോമസ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ട ഹോട്ടലുകള്‍ ഏതൊക്കെയെന്ന് പുറംലോകം അറിയുന്നത്. വിവരാവകാശനിയമപ്രകാരം മോന്‍സി പി.തോമസ് നല്‍കിയ കത്തില്‍ പരിശോധനയില്‍ പിടിക്കപ്പെട്ട ഹോട്ടലുകളുടെ പേരുവിവരം പ്രസിദ്ധീകരിക്കാത്തതിന് കാരണമെന്തെന്നും പിടിക്കപ്പെട്ട ആഹാരസാധനങ്ങള്‍ എന്തുകൊണ്ടാണ് വിശദമായ പരിശോധനയ്ക്ക് അയക്കാത്തതെന്നും ചോദിക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ട് ചോദ്യങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലാ എന്നായിരുന്നു മറുപടി.
അതേസമയം പഴകിയ ഭക്ഷണം പിടിക്കപ്പെട്ട ഹോട്ടലുകള്‍ക്ക് ഫൈന്‍ ചുമത്തിയെന്ന് പറയുന്നുണ്ടെങ്കിലും അത് എത്രയെന്നോ മറ്റ് ശിക്ഷാ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുന്നില്ല.പഴകിയ ഭക്ഷണം വിതരണം ചെയ്താലും സ്വാധിനമുണ്ടെങ്കില്‍ ഭയപ്പെടാനൊന്നുമില്ല എന്ന ഹോട്ടലുകാരുടെ ധാരണയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു നഗരസഭ നടത്തിയ രണ്ട് പരിശോധനകളും തുടര്‍നടപടികളും. ഇതിനിടെ ഹോട്ടലുകാരെ സംരക്ഷിക്കുവാന്‍ വ്യാപാരി സംഘടനയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."