എടച്ചേരിയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി സൂചന
എടച്ചേരി: പ്രദേശത്തെ പ്രധാന ടൗണായ പുതിയങ്ങാടിയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി സൂചന. കഴിഞ്ഞ വെള്ളിയാഴ്ച പുതിയങ്ങാടി ടൗണില്‍ നിന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ സതീശനെ കഞ്ചാവ് സഹിതം പിടികൂടിയിരുന്നു. ചില്ലറ വിപണിയില്‍ 50,000 രൂപയ്ക്ക് വില്പന നടത്താന്‍ കഴിയുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തത്.
ഇതരപ്രദേശങ്ങളില്‍ നിന്ന് കഞ്ചാവുമായി ആളുകള്‍ ഇവിടെയെത്തുന്നതായാണ് വിവരം. രാത്രിയിലാണ് പുതിയങ്ങാടി ടൗണിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രാമീണ ബാങ്ക് പരിസരത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച കഞ്ചാവ് ബീഡികള്‍ എടച്ചേരി പൊലിസില്‍ ഏല്പിച്ചിരുന്നു. ഇവിടങ്ങളില്‍ രാത്രി കാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. വടകരയില്‍ നിന്ന് കഴിഞ്ഞ ദിവസം സ്കൂള്‍ വിദ്യാര്‍ഥികളെ കഞ്ചാവ് സഹിതം പൊലിസ് കണ്ടെത്തിയിരുന്നു. ഇവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശിച്ച് വിട്ടയക്കുകയായിരുന്നു.
എടച്ചേരി ടൗണ്‍ കേന്ദ്രീകരിച്ചു വളര്‍ന്നുവരുന്ന കഞ്ചാവ് കച്ചവടവും ഉപയോഗവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."