കൊവിഡ് പരിശോധന: വിസ്ക് മാതൃക പ്രതിരോധ വകുപ്പിലേക്കും
കൊച്ചി: കൊവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിംപിള്‍ കിയോസ്ക് (വിസ്ക്) പ്രതിരോധ വകുപ്പിലേക്കും. വിസ്കിന്റെ നവീകരിച്ച മാതൃകയാണ് ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് തയാറാക്കിയിട്ടുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളജ് നിര്‍മിച്ച വിസ്കിന്റെ മാതൃക പരിഷ്കരിച്ചാണ് പുതിയ വിസ്കിന്റെ നിര്‍മാണം.
നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്കിലെ മര്‍ദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയത്. നാവിക സേനയില്‍ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്കിന്റെ ആദ്യ ദൗത്യം. ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കാവുന്ന വിസ്ക് 2.0 സായുധ സേനയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
പരിശോധന സൗകര്യങ്ങള്‍ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്കിന്റെ പുതിയ മാതൃക ഉപയോഗിക്കാന്‍ സാധിക്കും. അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്കിനെ ഹെലികോപ്റ്റര്‍ വഴി ഐ.എന്‍.എസ് സഞ്ജീവനിയില്‍ എത്തിച്ചു ആദ്യ പരീക്ഷണം നടത്തി.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ തദ്ദേശീയമായി വികസിപ്പിച്ച വിസ്ക് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സാംപിള്‍ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം എന്നതാണ് വിസ്കിന്റെ പ്രധാന സവിശേഷത.കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആര്.എം.ഒ ഡോ.ഗണേഷ് മോഹന്‍, അഡീഷനല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വിവേക് കുമാര്‍, ആര്‍ദ്രം ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ ഡോ. നിഖിലേഷ് മേനോന്, എ.ആര്.എം.ഒ ഡോ. മനോജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പുതിയ വിസ്കും നിര്‍മിച്ചിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."