ബംഗളൂരുവില്‍നിന്ന് 26 അംഗ സംഘം എത്തിയത് മാനദണ്ഡങ്ങള്‍ പാലിച്ച്
കോട്ടയം: ബംഗളൂരുവില്‍നിന്നു എത്തിയ യുവാക്കള്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചെന്ന പൊലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാദം പൊളിയുന്നു. കെ.പി.സി.സി ഏര്‍പ്പെടുത്തിയ ബസിലാണ് സംഘം എത്തിയതെന്ന പ്രചാരണവും പൊളിഞ്ഞു. വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് ഏര്‍പ്പെടുത്തിയ ബസിലാണ് 26 അംഗ സംഘം എത്തിയത്. മാനദണ്ഡങ്ങള്‍ പാലിച്ചും പാസ് എടുത്തുമാണ് ഇവര്‍ ബംഗളൂരുവില്‍നിന്നു കുമളി വഴി കോട്ടയത്ത് എത്തിയത്.
നാട്ടിലേക്കു മടങ്ങാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് ഇവര്‍ യാത്ര ക്രമീകരിച്ചത്.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലക്കാരായ 26 പേര്‍ ചേര്‍ന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഓരോരുത്തരും 3500 രൂപ വീതമാണ് യാത്രയ്ക്കായി ചെലവഴിച്ചത്. പാസെടുത്ത് അധികൃതരുടെ അനുമതി ലഭിച്ച ശേഷമായിരുന്നു യാത്ര. ബംഗളൂരുവില്‍നിന്നു കോട്ടയത്തേക്കുള്ള യാത്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നുവെന്ന് കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും വ്യക്തമാക്കി. രേഖകളില്ലാതെ മലയാളികളെ കൊണ്ടു വന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ പാസുകളോടുകൂടി തന്നെയാണ് സര്‍വിസ് നടത്തിയത്. ചെക്കുപോസ്റ്റുകളില്‍ പരിശോധന നടത്തി ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതുമാണ്. സര്‍വിസ് കഴിഞ്ഞ് രോഗലക്ഷണം ഉണ്ടെങ്കില്‍ ഡ്രൈവര്‍ ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. കുമളി ചെക്കുപോസ്റ്റില്‍ മുഴുവന്‍ പരിശോധനകളും നടത്തി വാഹനം അണുവിമുക്തമാക്കിയ ശേഷമായിരുന്നു കോട്ടയത്തേക്കുള്ള യാത്ര. ടാക്‌സി പിടിച്ച് വീടുകളിലേക്ക് പോകാനാണ് രണ്ടു പേര്‍ കോട്ടയത്ത് ഇറങ്ങിയത്. ഇതിനാവശ്യമായ പാസ് എടുക്കുന്നതിനായാണ് അടൂര്‍, നെടുമുടി സ്വദേശികളായ യുവാക്കള്‍ കോട്ടയത്ത് പൊലിസ് സ്‌റ്റേഷനില്‍ എത്തിയത്. സഹായം തേടി എത്തിയവര്‍ക്കെതിരേ കേസെടുത്ത പൊലിസ് യുവാക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയായിരുന്നു.
പിറവത്തുവച്ച് ബസും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകളെ കൊണ്ടുവന്ന് വഴിയില്‍ ഇറക്കിവിട്ടത് കോണ്‍ഗ്രസാണെന്ന പ്രചാരണവുമായി സൈബര്‍ പോരാളികളും രംഗത്തു വന്നിരുന്നു. രാഷ്ട്രീയ മുതലെടുപ്പിന് ജില്ലാ ഭരണകൂടവും പൊലിസും വഴിയൊരുക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."