ജൂബിലിഹാളില്‍ വൈദ്യുതി എത്തുന്നു
കണ്ണൂര്‍: ഗവ. മുന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ച ജൂബിലിഹാളില്‍ ഒടുവില്‍ വൈദ്യുതി എത്തുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മുല്ലപ്പള്ളി രാമചന്ദ്രന്റെ എം.പി ഫണ്ടില്‍ നിര്‍മിച്ച ഹാളില്‍ രണ്ടുവര്‍ഷം മുന്‍പ് കണ്ണൂര്‍ നഗരസഭ നവീകരണ പ്രവൃത്തി നടത്തിയിരുന്നു.
16 ലക്ഷം രൂപാ ചെലവഴിച്ച് പുനര്‍നിര്‍മിച്ചപ്പോഴും ഹാള്‍ വൈദ്യുതീകരിച്ചിരുന്നില്ല. ഇതിനു മുന്‍പ് വൈദ്യുതീകരണത്തിനു തുക നീക്കിവച്ചെങ്കിലും ലൈസന്‍സുള്ള കരാറുകാര്‍ പ്രവൃത്തി ഏറ്റെടുക്കാത്തതും പൊതുമരാമത്ത് വകുപ്പില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍മാരില്ലാത്തതുമാണു പദ്ധതി നീളാന്‍ കാരണം.
ഈവര്‍ഷം കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അഞ്ചുലക്ഷം രൂപയാണു ഹാളിന്റെ വൈദ്യുതീകരണത്തിനായി അനുവദിച്ചത്. ഇതിനായി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വൈദ്യുതീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ഒ മോഹനന്‍ അറിയിച്ചു. വൈദ്യുതീകരണം പൂര്‍ത്തിയാവുന്നതോടെ കോര്‍പറേഷന്‍ ഓഫിസ് കെട്ടിടം പുനരുദ്ധാരണ പ്രവൃത്തി നടക്കുമ്പോള്‍ താല്‍കാലിക ഓഫിസ് കെട്ടിടമായി ഇതിനെ മാറ്റാനും പദ്ധതിയുണ്ട്. വൈദ്യുതീകരണം പൂര്‍ത്തിയാവാത്തതിനാല്‍ ഹാള്‍ രാത്രികാലങ്ങളിലെ പരിപാടികള്‍ക്കു ഉപയോഗിക്കാന്‍ സാധിക്കാറില്ല.
പകല്‍ പൊതുപരിപാടികള്‍ക്ക് എത്തുന്നവര്‍ ഫാനില്ലാത്തതിനാല്‍ പലപ്പോഴും ചടങ്ങ് തീരുംമുമ്പ് വേദി വിടാറാണു പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."