കോട്ടബല്‍വാലിലെ ദുരൂഹ തടവുകാരന്‍
#കെ.എ സലിം
8848001385
കശ്മിരി മാധ്യമപ്രവര്‍ത്തകനും ഡി.എന്‍.എയുടെ ഡല്‍ഹി ബ്യൂറോ ചീഫുമായ ഇഫ്തിഖാന്‍ ഗിലാനി ഡി.എന്‍.എയിലെഴുതിയ കുറിപ്പില്‍ 1997ല്‍ മാധ്യമപ്രവര്‍ത്തകര്‍ ജമ്മുവിലെ കോട്ടബല്‍വാല്‍ ജയില്‍ സന്ദര്‍ശിക്കുമ്പോള്‍ തടിച്ചു മുടന്തുള്ള ഒരു തടവുകാരന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചു പറയുന്നുണ്ട്. ഇന്ന് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്ന മസൂദ് അസ്ഹറായിരുന്നു അത്.
മാധ്യമപ്രവര്‍ത്തകരിലാരും അന്ന് അസ്ഹറിനെ കാണാന്‍ താല്‍പര്യം കാണിച്ചില്ല. അഫ്ഗാനിസ്താനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരേ പൊരുതിയ ഹര്‍ക്കത്തുല്‍ അന്‍സാന്‍ കമാന്‍ഡര്‍മാരായ നസ്‌റുല്ല മന്‍സൂര്‍ ഖാന്‍ ലാന്‍ഗ്രിയാലിനെയും സജ്ജാദ് ഖാന്‍ അഫ്ഗാനിയെയും കാണാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം.
താനും അവരിലൊരാളാണെന്ന അസ്ഹറിന്റെ ശരീരചലനങ്ങള്‍ വിഫലമായി. തീവ്രസംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരാള്‍ എന്നതിലപ്പുറം ആര്‍ക്കും അസ്ഹറിനെക്കുറിച്ച് അറിയില്ലായിരുന്നു, മൂന്നുവര്‍ഷം മുമ്പ് അസ്ഹറിനെ തടവിലിട്ട അന്വേഷണ ഏജന്‍സികള്‍ക്കു പോലും. 1994ല്‍ അറസ്റ്റിലായ അസ്ഹറിനെതിരേ അയാളെ 1999 ഡിസംബറില്‍ മോചിപ്പിക്കുന്നതു വരെ ഇന്ത്യ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
അക്കാലത്ത്, കശ്മിരിലെ ഇന്റലിജന്‍സ് സംവിധാനത്തില്‍ ഇന്ത്യക്കുണ്ടായിരുന്ന പരാജയത്തെക്കുറിച്ചു മുന്‍ റോ മേധാവി എ.എസ് ദുലത്ത് എഴുതിയ 'കശ്മിര്‍: ദ് വാജ്‌പേയി ഇയേഴ്‌സ് 'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കശ്മിരിലെ സാഹചര്യങ്ങള്‍ ഏറ്റവും സങ്കീര്‍ണമായ 1990 കളില്‍ ദുലത്ത് നേരിട്ടായിരുന്നു കശ്മിര്‍ ചുമതല വഹിച്ചിരുന്നത്.
കശ്മിരിന്റെ ഹൃദയത്തിലേയ്ക്കു ചെല്ലാനാവാത്ത വിധം അകലെയായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുമായി അടുക്കുന്ന നേതാക്കളെല്ലാം ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നത് ഇന്ത്യക്കു കണ്ടുനില്‍ക്കേണ്ടി വന്നു. ഹുര്‍രിയത്ത് നേതാവ് മീര്‍ഫായിസ് ഉമര്‍ ഫാറൂഖിന്റെ പിതാവ് മൗലവി മുഹമ്മദ് ഫാറൂഖ് മുതല്‍ റൈസിങ് കശ്മിര്‍ എഡിറ്റര്‍ ഷുജാത്ത് ബുഖാരി വരെ നീളുന്ന കൊലകളുടെ വലിയൊരു ശൃംഖലയായിരുന്നു അത്.
''നിങ്ങള്‍ പുറത്തുകാണുതും കേള്‍ക്കുന്നതുമല്ല, കശ്മിരില്‍ നടക്കുന്നത്. അവിടെ തിരശ്ശീലയ്ക്കു പിന്നില്‍ പലതുമുണ്ട്.'' ലാല്‍ ചൗക്ക് പ്രസ് കോളനിയിലെ ഓഫിസിലിരുന്നു കശ്മിര്‍ ലൈഫ് എഡിറ്റര്‍ മസുദ് ഹുസൈന്‍ ഒരിക്കല്‍ പറഞ്ഞു.
കശ്മിരില്‍ ഒരുവശത്ത് സായുധസംഘങ്ങളുമായി സൈനികവിഭാഗങ്ങള്‍ പോരാട്ടം നടത്തുന്നു. വേറൊരിടത്തു മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ബാധം നടക്കുന്നു. ഇതിനെയെല്ലാം നിയന്ത്രിക്കുന്നതു വന്‍ശക്തികളാണ്. അതില്‍ രാഷ്ട്രീയവും നയതന്ത്രവുമെല്ലാമുണ്ട്. ഏജന്റുമാരും ഡബിള്‍ ഏജന്റുമാരും നിറഞ്ഞ കശ്മിരില്‍ ഒാരോ ചലനങ്ങള്‍ക്കു പിന്നിലും നിഗൂഢത തങ്ങിനില്‍ക്കുന്നുണ്ട്.
മസൂദിന്റെ കഥയിലേയ്ക്കു വരാം. ജയിലില്‍ കഴിയുന്ന മസൂദ് അസ്ഹറിനെ മോചിപ്പിക്കാന്‍ 1999 ഡിസംബറില്‍ ഐസി 814 വിമാനം കാണ്ഡഹാറിലേയ്ക്കു റാഞ്ചിയതോടെയാണ് അയാള്‍ രാജ്യത്തു ശ്രദ്ധിക്കപ്പെടുന്നത്. മസൂദിനെ മോചിപ്പിക്കാന്‍ ഹര്‍ക്കത്തുല്‍ അന്‍സാര്‍ നടത്തുന്ന ആദ്യശ്രമമായിരുന്നില്ല അത്. അതിനു മുമ്പ് മൂന്നോ നാലോ തവണ അതിനുള്ള ശ്രമമുണ്ടായിരുന്നു. എന്നിട്ടും അസ്ഹറിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ലെന്നതു വിചിത്രമായിരുന്നു.
അസ്ഹര്‍ അറസ്റ്റിലായ ഉടനെ 1994ലെ ശൈത്യത്തില്‍ ഹര്‍ക്കത്ത് കമാന്‍ഡര്‍ സിക്കന്ദര്‍ ബ്രിട്ടിഷ് പൗരന്മാരായ കിം ഹൗസേഗോ, ഡേവിഡ് മക്കീ എന്നിവരെ ബന്ദിയാക്കിയതാണ് ആദ്യശ്രമം. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകനായ ഹൗസേഗോയുടെ പിതാവ് നടത്തിയ കാംപയിന്റെ ഫലമായാണ് അവരെ മോചിപ്പിക്കാന്‍ കഴിഞ്ഞത്. അതേവര്‍ഷം ഒക്ടോബറില്‍ മൂന്നു ബ്രിട്ടിഷ് പൗരന്മാരെ ബ്രിട്ടിഷ് പാകിസ്താനിയായ ഉമര്‍ ഷെയ്ഖ് സഈദ് ഡല്‍ഹി പഹാര്‍ഗഞ്ചില്‍ നിന്നു ഗാസിയാബാദിലേയ്ക്കു തട്ടിക്കൊണ്ടുപോയി. ബി.ബി.സിയുടെ ഓഫിസില്‍ എത്തിച്ച ഇവരുടെ പാസ്‌പോര്‍ട്ടിനൊപ്പം മസൂദിനെ മോചിപ്പിക്കണമെന്ന കുറിപ്പുമുണ്ടായിരുന്നു.
തികച്ചും യാദൃച്ഛികമായാണ് ബന്ദികളെയും ബന്ദിയാക്കിയ ആളെയും കണ്ടെത്തുന്നത്. ഗാസിയാബാദില്‍ പൊലിസിനെ വെട്ടിച്ചോടിയ ഒരു കള്ളന്‍ രക്ഷാസങ്കേതം തേടി ആളൊഴിഞ്ഞതെന്നു കരുതിയ ഒരു വീട്ടിലേയ്ക്ക് ഓടിക്കയറി. പിന്നാലെ പൊലിസെത്തി വീടുവളഞ്ഞു. മസൂദ് അസ്ഹറിനെ മോചിപ്പിക്കണമെന്ന കുറിപ്പ് ബന്ദികളുടെ പാസ്‌പോര്‍ട്ടും ബി.ബി.സി ഓഫിസിലെത്തിച്ച് ഉമര്‍ഷെയ്ഖ് തിരിച്ചെത്തിയ സമയത്തായിരുന്നു അത്. പൊലിസ് തന്നെ പിടിക്കാനെത്തിയതാണെന്നു കരുതി ഉമര്‍ഷെയ്ഖ് പ്രാണരക്ഷാര്‍ഥം ആകാശത്തേയ്ക്കു വെടിവച്ചു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
പൊലിസ് അയാളെ പിടികൂടി. വീടു പരിശോധിച്ചപ്പോള്‍ കള്ളനെ മാത്രമല്ല, ബന്ദികളെയും കണ്ടെത്തി. അപ്പോഴാണ് തങ്ങളുടെ പിടിയിലായത് ഉമര്‍ഷെയ്ഖ് എന്ന വന്‍തോക്കാണെന്നു പൊലിസ് തിരിച്ചറിഞ്ഞത്. ഈ ഉമര്‍ഷെയ്ഖാണ് അന്നു കാണ്ഡഹാറില്‍ മസൂദിനൊപ്പം മോചിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍. അഫ്ഗാന്‍ യുദ്ധകാലത്ത് വാള്‍സ്ട്രീറ്റ് ജേണലിന്റെ മാധ്യമപ്രവര്‍ത്തകനായ ഡാനിയല്‍ പേളിനെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്താന്‍ ജയിലിലാണ് ഇപ്പോള്‍ ഉമര്‍ ഷെയ്ഖ്.
മറ്റൊരു ശ്രമം നടന്നത് 1995 ജൂലൈ നാലിലാണ്. അല്‍ ഫര്‍ഹാന്‍ എന്നൊരു സംഘടന കശ്മിരിലെ പഹല്‍ഗാമില്‍ വിദേശികളെ തട്ടിക്കൊണ്ടുപോയി. അങ്ങനെയൊരു സംഘടനയെക്കുറിച്ച് അതുവരെ ആരും കേട്ടിരുന്നില്ല. അസ്ഹറിന്റെ മോചനം ആവശ്യപ്പെട്ടെങ്കിലും അതു ഫലം കണ്ടില്ല. പിന്നീടാണ് 1999 ഡിസംബറിലെ വിമാനറാഞ്ചല്‍. ഇതിലെ വിചിത്രമായ കാര്യമെന്തെന്നാല്‍, ആരെ മോചിപ്പിക്കാനാണോ മസൂദ് അസ്ഹര്‍ ഇന്ത്യയിലെത്തിയത് ആ നസ്‌റുല്ല മന്‍സൂര്‍ ഖാന്‍ ലാന്‍ഗ്രിയാലിന്റെ പേര് റാഞ്ചികള്‍ നല്‍കിയ മോചിപ്പിക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ്. 18 വര്‍ഷം ജയിലില്‍ കഴിഞ്ഞ നസ്‌റുല്ലയെ 2011 ല്‍ പാകിസ്താനിലേയ്ക്കു തിരിച്ചയയ്ക്കുകയായിരുന്നു.
പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുമായി 1994 ജനുവരി 29 നു ഡല്‍ഹിയിലെത്തിയ അസ്ഹര്‍ താമസിച്ചത് ചാണക്യപുരിയിലെ സര്‍ക്കാരിന്റെ അശോകാഹോട്ടലിലാണ്. അവിടെ നിന്ന് അനന്തനാഗിലെത്തിയ അസ്ഹര്‍ അഫ്ഗാനിക്കും റഈസെന്ന ഹര്‍ക്കത്തിന്റെ പ്രാദേശിക കമാന്‍ഡര്‍ക്കുമൊപ്പം യാത്ര ചെയ്യവേ കാര്‍ വഴിയില്‍ കേടായി. ഇതിനെ തുടര്‍ന്ന് അവര്‍ ഓട്ടോയില്‍ യാത്ര തുടര്‍ന്നു. അതിനിടയിലാണ് ബി.എസ്.എഫിന്റെ പിടിയിലാകുന്നത്.
റഈസിനെ തേടിവന്നതായിരുന്നു ബി.എസ്.എഫ്. ഏറ്റുമുട്ടലുകള്‍ക്കിടയില്‍ മൂന്നുപേരും കാട്ടില്‍ അഭയം തേടിയെങ്കിലും രക്ഷയുണ്ടായില്ല. വൈകാതെ നസ്‌റുല്ല കഴിഞ്ഞിരുന്ന ജയിലില്‍ത്തന്നെയെത്തി അഫ്ഗാനിയും മസൂദും. എന്നിട്ടും എന്തുകൊണ്ടാണ് നസ്‌റുല്ല മന്‍സൂര്‍ ഖാന്‍ പിന്നീട് ഇവര്‍ക്ക് അനഭിമതനായതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.
നസ്‌റുല്ല ഇന്ത്യാ ഗവണ്‍മെന്റുമായി ധാരണയിലെത്തിയെന്നു മസൂദും കൂട്ടരും സംശയിച്ചിരിക്കണം. കശ്മിരില്‍ അസാധാരണമായിരുന്നില്ല അത്. മിര്‍വായിസ് മൗലവി മുഹമ്മദ് ഫാറൂഖ് കൊല്ലപ്പെട്ടത് ഹുര്‍രിയത്തിനുള്ളില്‍ അയാളെ ചിലര്‍ക്കു സംശയം തോന്നിയതിന്റെ പേരിലായിരുന്നു. ഹുര്‍രിയത്ത് നേതാവ് അബ്ദുല്‍ ഗനി ലോണും ജെ.കെ.എല്‍.എഫിന്റെ അബ്ദുല്‍ അഹദ്‌വാനിയും കൊല്ലപ്പെട്ടതും ഇതേ കാരണത്താലാണ്.
'നമ്മള്‍ പരസ്പരം കൊല്ലുകയായിരുന്നുവെന്നും അതു തടയാനായില്ലെന്നും' അക്കാലത്ത് ഹുര്‍രിയത്ത് ചെയര്‍മാനായിരുന്ന അബ്ദുല്‍ഗനി ഭട്ട് പറഞ്ഞതു വെറുതെയായിരുന്നില്ല. മികച്ച രാഷ്ട്രീയക്കാരനായിരുന്ന ലോണ്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ രാജ്യസുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയുമായും രാജ്യത്തിന്റെ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് മേധാവി അമര്‍ജിത് സിങ് ദുലാത്തുമായും അടുപ്പം പുലര്‍ത്തിയിരുന്നു. അതു തന്നെയാണു ലോണിന്റെ കൊലയില്‍ കലാശിച്ചത്. ഡോ. അബ്ദുല്‍ വഹാബ് ഗുരുവും ഡോ. ഫാറൂഖ് ആഷിയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടപ്പോഴും എന്തിനായിരുന്നു കൊലയെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
കശ്മിരിലെ ചോദ്യങ്ങളെല്ലാം ദുരൂഹമായ വഴിയിലാണ് അവസാനിക്കുകയെന്നു പറയാറുണ്ടായിരുന്നു കശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മിര്‍ പത്രത്തിന്റെ എഡിറ്ററുമായ ഷുജാഹത്ത് ബുഖാരി. 2018 ജൂണ്‍ 15 ന് അതേ ബുഖാരി ലാല്‍ചൗക്കിലെ തിരക്കേറിയ തെരുവില്‍ വെടിയേറ്റു വീണതു ദുരൂഹതകളുടെ കൂമ്പാരത്തിനു നടുവിലേയ്ക്കാണ്. കശ്മിരിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ബുഖാരി. ആര്‍ക്കായിരുന്നു ബുഖാരിയെ നിശ്ശബ്ദനാക്കേണ്ടിയിരുന്നതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ബുഖാരിയുടെ ശരീരത്തില്‍ അറുപതിലധികം വെടിയുണ്ടകളുണ്ടായിരുന്നു.
നാമറിയുന്നതും വായിക്കുന്നതുമല്ല കശ്മിര്‍. മൂന്നു രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന സംസ്ഥാനത്തു നമ്മുടെ കണക്കുകൂട്ടലുകളുടെ വരുതിയില്‍ വരാത്ത നിരവധി യാഥാര്‍ഥ്യങ്ങളുണ്ട്. ഓരോ ചുവടിലും കൗശലങ്ങളുണ്ട്. ഒരു പുല്‍വാമയുടെ ഉദാഹരണം കൊണ്ടോ രണ്ടു രാഷ്ട്രങ്ങളുടെ നയതന്ത്രഭാഷയുടെ പശ്ചാത്തലം കൊണ്ടോ മാത്രം അതു വായിച്ചെടുക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."