പിന്തുണച്ചതിന് പ്രതിഫലം ചോദിച്ച് സി.എച്ച് !
#നവാസ് പൂനൂര്‍
8589984455
തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതു പതിവാണ്. സജീവരാഷ്ട്രീയക്കാരല്ലാത്ത പൊതുസമ്മതരെ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി രംഗത്തു കൊണ്ടുവരാറുമുണ്ട്.
സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കുമെന്ന് ഉറപ്പില്ലാത്ത സീറ്റുകളിലാണു സ്വതന്ത്രരെ പരീക്ഷിക്കുക. സ്വതന്ത്രന്‍ പൊതുസമ്മതനാകുമെന്നതിനാല്‍ പാര്‍ട്ടി വോട്ടിനു പുറമേ പൊതുസമൂഹത്തിലെ വോട്ടും കിട്ടുമെന്നതാണ് ഇതിനു പിന്നിലെ മനഃശാസ്ത്രം. സ്ഥാനാര്‍ഥിയെ ഇഷ്ടമാണെങ്കിലും ചില പാര്‍ട്ടികളുടെ ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ മനസ്സനുവദിക്കാത്തവരും സ്വതന്ത്രന്റെ ചിഹ്നത്തില്‍ വോട്ടു ചെയ്യും.
ഇങ്ങനെ സ്വതന്ത്രര്‍ മത്സരക്കളത്തിലിറങ്ങിയ ചരിത്രത്തിനു തെരഞ്ഞെടുപ്പു ചരിത്രത്തോളം പഴക്കമുണ്ട്. 1957ല്‍ കേരളത്തില്‍ നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ സ്വതന്ത്രരെ കളത്തിലിറക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. അവരുടെ അഞ്ചു സ്വതന്ത്രര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്രര്‍ അഞ്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായിരുന്നെങ്കിലും അതില്‍ രണ്ടുപേര്‍ക്കു മുസ്‌ലിം ലീഗിന്റെ പിന്തുണയുണ്ടായിരുന്നു. വി.ആര്‍ കൃഷ്ണയ്യര്‍, ഡോ. എ.ആര്‍ മേനോന്‍ എന്നിവരെയാണ് ലീഗ് തുണച്ചത്. ഈ അഞ്ചു സ്വതന്ത്രരുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു പ്രഥമ മന്ത്രിസഭയ്ക്കു രൂപം നല്‍കാനായി.
60 സീറ്റാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയത്. അഞ്ചു സ്വതന്ത്രരുടെ പിന്തുണ കൂടിയായപ്പോള്‍ കേവലഭൂരിപക്ഷമായി. കോണ്‍ഗ്രസ് 43 സീറ്റിലും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി 9 സീറ്റിലും വിജയിച്ചു. മുസ്‌ലിംലീഗിന് ഒരു സംവരണമണ്ഡലം അടക്കം എട്ട് സീറ്റു നേടാനായി. ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ സ്വതന്ത്രരായി വിജയിച്ച വി.ആര്‍ കൃഷ്ണയ്യര്‍, ഡോ. എ.ആര്‍ മേനോന്‍ എന്നിവര്‍ മന്ത്രിമാരായി. കൃഷ്ണയ്യര്‍ക്ക് നിയമവും മേനോന് ആരോഗ്യവും നല്‍കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രസ്ഥാനാര്‍ഥികളുണ്ടായിരുന്നു. അവരില്‍ പ്രമുഖനാണ് എഴുത്തുകാരനായ എസ്.കെ പൊറ്റെക്കാട്ട്. തലശ്ശേരിയിലാണു പെറ്റെക്കാട്ട് മത്സരിച്ചത്. നിര്‍ഭാഗ്യമെന്നു പറയട്ടെ മലയാളത്തിന്റെ പ്രിയങ്കരനായ സഞ്ചാരസാഹിത്യകാരനു ജനപിന്തുണ നേടാനായില്ല.
അടുത്തതവണ (1962 ല്‍) എസ്.കെയെ വടകരയില്‍ മത്സരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. എസ്.കെ സഹായമഭ്യര്‍ഥിച്ചു മുസ്‌ലിം ലീഗ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍, സി.എച്ച് മുഹമ്മദ്‌കോയ എന്നിവരെ കണ്ടു. എസ്.കെയുടെ സ്‌നേഹസമ്മര്‍ദത്തിനു വഴങ്ങി പിന്തുണ നല്‍കാമെന്നു ലീഗ് നേതാക്കള്‍ അറിയിച്ചു. വടകരയില്‍ വേണ്ട കഴിഞ്ഞതവണ പരാജയപ്പെട്ട തലശ്ശേരിയില്‍ത്തന്നെ മത്സരിക്കണമെന്നു നിര്‍ദേശിച്ചു.
ആദ്യമിത്തിരി ശങ്കിച്ചെങ്കിലും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആലോചിച്ച് അദ്ദേഹം ലീഗ് നേതാക്കളുടെ നിര്‍ദേശത്തിനു വഴങ്ങി തലശ്ശേരിയില്‍ മത്സരിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ഭൂരിപക്ഷത്തോടെ എസ്.കെ വിജയിച്ചു. ഡോ. സുകുമാര്‍ അഴീക്കോട് എന്ന മലയാളത്തിന്റെ നിരൂപകകേസരിയെയും സാഗരഗര്‍ജനത്തെയുമാണു പരാജയത്തിന്റെ കൈയ്പ്പുനീര്‍ കുടിപ്പിച്ചത്.
ജയിച്ച എസ്.കെ ലീഗ് നേതാക്കളോടു നന്ദി പറയാന്‍ കോഴിക്കോട്ടെത്തി. ആ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടു നിന്നു സി.എച്ചും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്തു പ്രത്യുപകാരമാണു മുസ്‌ലിം ലീഗിനുവേണ്ടി താന്‍ ചെയ്യേണ്ടതെന്ന് എസ്.കെ ചോദിച്ചു.
നിറഞ്ഞ ചിരിയോടെ സി.എച്ച് പറഞ്ഞു, 'വേണം, പ്രത്യുപകാരം വേണം.'
കേട്ടുനിന്നവര്‍ ഞെട്ടി.
സി.എച്ച് തുടര്‍ന്നു, 'അടുത്ത നോവല്‍ ചന്ദ്രികയ്ക്കു തരണം.'
ഇത്തവണ അത്ഭുതപ്പെട്ടത് എസ്.കെ. തീരെ പ്രതീക്ഷിക്കാത്ത പ്രത്യുപകാരമാണു സി.എച്ച് ചോദിച്ചത്.
സന്തോഷപൂര്‍വം എസ്.കെ അതു സമ്മതിച്ചു.
ഡല്‍ഹിയിലെത്തിയ ശേഷം പാര്‍ലമെന്റിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹമെഴുതിയ 'നോര്‍ത്ത് അവന്യൂ' എന്ന നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ ചന്ദ്രികയ്ക്കു നല്‍കുക തന്നെ ചെയ്തു. ചന്ദ്രിക ആഴ്ചപ്പതിപ്പ് ആ നോവല്‍ അഭിമാനത്തോടെ പ്രസിദ്ധീകരിച്ചു.
ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രസ്ഥാനാര്‍ഥികള്‍ എത്താറുണ്ട്. സാഹിത്യരംഗത്തും കലാരംഗത്തും സാംസ്‌കാരിക രംഗത്തും വ്യവസായരംഗത്തുമൊക്കെയുള്ള പ്രമുഖര്‍. അതിലൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ, സാഹിത്യരംഗത്തും കലാരംഗത്തും മറ്റുമുള്ള പ്രമുഖര്‍ രാഷ്ട്രീയക്കുപ്പായമണിയുന്നതു കേരളസമൂഹത്തിനു പൊതുവേ വിയോജിപ്പാണ്.
കാരണം കലാകാരന്മാരും എഴുത്തുകാരുമൊക്കെ കേരളത്തിന്റെ പൊതുസ്വത്താണ്. അവര്‍ ഏതെങ്കിലും പക്ഷം ചേരുന്നതു സഹിക്കാനാവില്ല മലയാളികള്‍ക്ക്. മലയാളത്തിന്റെ മഹാനടന്‍ പ്രേംനസീര്‍ കോണ്‍ഗ്രസ് പ്രചാരകനായി തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയ ചരിത്രം മറക്കാറായിട്ടില്ല. അദ്ദേഹത്തെ കാണാന്‍ തടിച്ചു കൂടിയ ജനക്കൂട്ടം കണ്ട് ആവേശം കൊണ്ടവര്‍ അവയൊന്നും വോട്ടായി പെട്ടിയില്‍ വീണില്ലെന്ന ദയനീയ സത്യം തിരിച്ചറിഞ്ഞു.
മുരളിയും ദേവനും ഉള്‍പ്പെടെ ചില സിനിമക്കാര്‍ മത്സരരംഗത്തിറങ്ങുകയും പരാജയത്തിന്റെ രുചിയനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ മഹാകവി ജ്ഞാനപീഠജേതാവ് ഒ.എന്‍.വി കുറുപ്പും തെരഞ്ഞെടുപ്പു രംഗത്തു വിജയിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേയ്ക്കു മുകേഷ് വിജയിച്ചതാണ് ഇതിന് അപവാദം.
സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പിലൂടെ ജയിപ്പിക്കാന്‍ ആവില്ലെന്ന തിരിച്ചറിവാണു രാജ്യസഭയിലേയ്ക്കു നോമിനേറ്റ് ചെയ്യാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. ആ ഒരു ആവേശത്തിന്റെ പുറത്തു മോഹന്‍ലാലിനെ തിരുവനന്തപുരത്ത് അങ്കത്തിനിറക്കാമെന്നു വ്യാമോഹിച്ചുവെങ്കിലും തുടക്കത്തിലേ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞു.
ഫാന്‍സ് ഇല്ലെങ്കില്‍ പിന്നെ എന്ത് നിലനില്‍പ്പ് എന്നതുകൊണ്ടാവണം തുടക്കത്തില്‍ ഇത്തിരി മോഹം ഉണ്ടായെങ്കിലും മോഹന്‍ലാല്‍ ബി.ജെ.പിയുടെ വലയില്‍ വീണില്ല. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാരെ പോലെ ഇവിടെ താരാരാധനയില്ലെന്ന സത്യവും നമ്മുടെ താരങ്ങള്‍ മനസ്സിലാക്കിയാല്‍ നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."