സംഝോദ എക്സ്പ്രസ് ഭീകരാക്രമണം: വിധി പറയുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റി
ന്യൂഡല്‍ഹി: 43 പാകിസ്താന് പൗരന്മാരുള്പ്പടെ 68 പേര് കൊല്ലപ്പെട്ട 2007ലെ സംഝോദ എക്സ്പ്രസ് ഭീകരാക്രമണക്കേസില്‍ വിധി പറയുന്നത് പഞ്ച്കുല എന്‍.ഐ.എ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മാലെഗാവ്, അജ്മീര്‍, മക്കാമസ്ജിദ് സ്ഫോടനക്കേസുകളിലെ പ്രതികളായ സ്വാമി അസീമാനന്ദ, സുനില്‍ജോഷി, ലോകേഷ് ശര്‍മ്മ, സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാങ്റ, രജീന്ദര്‍ ചൗധരി, കമല്‍ ചൗഹാന് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ സുനില്‍ ജോഷി 2007 ഡിസംബറില്‍ സ്വന്തം ആളുകളാല്‍ കൊല്ലപ്പെട്ടു. കല്സാങ്റയും സന്ദീപ് ദാംഗെയും സമാനമായി കൊല്ലപ്പെട്ടതായി വെളിപ്പടുത്തലുകളുണ്ട്. 12 വര്‍ഷം നീണ്ട കേസില്‍ 290 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ 30 പേര് കൂറുമാറി. ഡല്‍ഹിയില്‍നിന്ന് ലാഹോറിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ഹരിയാനയിലെ പാനിപ്പത്തില്‍വച്ച് 2007 ഫെബ്രുവരി 18നാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാലു പേര് റെയില്‍വേ ജീവനക്കാരായിരുന്നു. 10 പാകിസ്താന് പൗരന്മാരുള്പ്പടെ 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ നിരവധി കോച്ചുകള്‍ കത്തിനശിച്ചു.
വിധി നീട്ടിയത് പാക് യുവതിയുടെ ഹരജിയില്‍
ന്യൂഡല്‍ഹി: സംഝോദ എക്സ്പ്രസ് ഭീകരാക്രമണക്കേസില്‍ പഞ്ച്കുല കോടതി വിധി നീട്ടിയത് കേസില്‍ സാക്ഷിയായ പാകിസ്താന് യുവതിയുടെ ഹരജിയെത്തുടര്‍ന്ന്. കേസില്‍ തനിക്ക് സുപ്രധാനമായ തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മകള്‍ എന്‍.ഐ.എ അഭിഭാഷകന് രാജന് മല്‍ഹോത്ര മുഖന ഹരജി സമര്‍പ്പിക്കുകയായിരുന്നു.
കോടതിയില്‍ നേരിട്ട് ഹാജരായി തെളിവുകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണെമെന്നാണ് ഹരജിയിലെ ആവശ്യം.
തനിക്ക് സമയത്ത് സമന്‍സ് ലഭിക്കാത്തതിനാല്‍ കോടതിയില്‍ എത്തി തെളിവു സമര്‍പ്പിക്കാനായില്ലെന്നും അതിനാല്‍ ഇതിന് അനുവദിക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോടതി എന്‍.ഐ.എയുടെ മറുപടി തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."