സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ അണ്ണാ ഡി.എം.കെയില്‍ നടപടി തുടങ്ങി
ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭയിലേക്കും 18 നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കുമായി സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയില്‍ തുടങ്ങി.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇവരില്‍ യോഗ്യരായവരെ പ്രത്യേക അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിയാക്കുകയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. പുതുച്ചേരിയിലെ ഒരു സീറ്റും തമിഴ്‌നാട്ടിലെ 38 സീറ്റുകളും ഉള്‍പ്പെടെ 39 എണ്ണത്തിലേക്ക് ഏപ്രില്‍ 18ന് ഒരു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ചുമതല അണ്ണാ ഡി.എം.കെ പാര്‍ലമെന്ററി ബോര്‍ഡിനാണ്. പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വവും ജോയിന്റ് കോ-ഓര്‍ഡിനേറ്ററും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയും അടക്കമുള്ളവരാണ് പാര്‍ലമെന്ററി ബോര്‍ഡിലുള്ളത്.
ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ മുന്നണിയായിട്ടാണ് അണ്ണാ ഡി.എം.കെ മത്സരിക്കുന്നത്. ഈ രണ്ടു പാര്‍ട്ടികള്‍ക്കും പുറമെ നാലു പാര്‍ട്ടികള്‍ വേറെയുമുണ്ട്. പട്ടാളി മക്കള്‍ കക്ഷിക്ക് ഏഴ് സീറ്റുകളാണ് അനുവദിച്ചത്. ബി.ജെ.പിക്ക് അഞ്ചും വിജയകാന്തിന്റെ ഡി.എം.ഡി.കെയ്ക്ക് നാലും പുതിയ തമിഴകം, പുതിയ നീതി കക്ഷി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുകള്‍ വീതവുമാണ് അനുവദിച്ചത്. 21 സീറ്റുകളിലാണ് അണ്ണാ ഡി.എം.കെ മത്സരിക്കുന്നത്.
ഇതിനിടയില്‍ ജി.കെ വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോണ്‍ഗ്രസും അണ്ണാ ഡി.എം.കെയ്‌ക്കൊപ്പം ചേരാന്‍ സാധ്യതയുണ്ട്. പുതുച്ചേരി സീറ്റ് എന്‍. രംഗസാമിയുടെ ഓള്‍ ഇന്ത്യ രംഗസാമി കോണ്‍ഗ്രസിന് നല്‍കിയിരിക്കുകയാണ്. കൂറുമാറ്റത്തെ തുടര്‍ന്ന് ഒഴിവുവന്നതുള്‍പ്പെടെ 18 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. മത്സര രംഗത്തേക്കുവരാന്‍ ആഗ്രഹിക്കുന്നവരില്‍നിന്ന് അപേക്ഷയും ഫീസ് ആയി 25,000 രൂപയും അണ്ണാ ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു. പൂരിപ്പിച്ച അപേക്ഷയും പണവും നാളെ രാവിലെ 10നും വൈകിട്ട് ആറിനും ഇടയില്‍ സമര്‍പ്പിക്കണം. പൂനമല്ലി, പെരമ്പൂര്‍, തിരുപ്പൂര്‍, ഷോലിംഗൂര്‍, ഗുഡിയാത്തം, അംബൂര്‍, ഹൊസൂര്‍, ഹാരൂര്‍, പപ്പിരേഡിപ്പട്ടി, നീലകോട്ടൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, മാനാമധുരൈ, ആണ്ടിപ്പട്ടി, പെരിയകുളം, സെത്തൂര്‍, പരമക്കുഡി, വിലാതിക്കുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മരണത്തെ തുടര്‍ന്നാണ് തിരുവാരൂര്‍ സീറ്റില്‍ ഒഴിവുവന്നത്. മന്ത്രി കെ. ബാലകൃഷ്ണ റെഡ്ഡിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഹൊസൂര്‍ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."