HOME
DETAILS
MAL
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ പേരും തെരയുന്നത് രോഗപ്രതിരോധ ഉല്‍പന്നങ്ങള്‍
backup
May 18 2020 | 05:05 AM
കൊച്ചി: ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളില്‍ രോഗപ്രതിരോധ ഉല്‍പന്നങ്ങള്‍ തെരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി വാങ്ങേണ്ട ഉല്‍പന്നങ്ങള്‍പോലും നിഷ്‌കര്‍ഷ കാരണം 90 ശതമാനം പേരും വീടുകളില്‍ ഇരുന്ന് ഓര്‍ഡര്‍ ചെയ്യുകയാണ്.
പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനങ്ങളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍ ഇവരൊക്കെ അവശ്യസാധനങ്ങള്‍ മാത്രമേ വീടുകളില്‍ എത്തിക്കാനാവൂ എന്ന സന്ദേശം അവരുടെ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകളിലെത്തുന്ന മൂന്നിലൊന്ന് ഉപഭോക്താക്കളും പലവ്യഞ്ജനങ്ങളും സുരക്ഷയും പ്രതിരോധശേഷിയും സംബന്ധിച്ച ഉല്‍പ്പന്നങ്ങളുമാണ് തെരയുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എ.സി, ലാപ്‌ടോപ്പ്, സ്മാര്‍ട്‌ഫോണ്‍, വാഷിങ്‌മെഷീന്‍ എന്നിവ തേടുന്നവരുമുണ്ട്. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, പരമ്പരാഗത പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ച്യവനപ്രാശം, വിറ്റാമിനുകള്‍, ആയുര്‍വേദ ആരോഗ്യ സപ്ലിമെന്റുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിഭാഗത്തില്‍ ആകെ ഓര്‍ഡറുകളുടെ 70 ശതമാനവും മാസ്‌കുകള്‍ക്കാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ മാസ്‌കുകളുടെ വില്‍പ്പന മൂന്നിരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. 25 മാസ്‌കുകള്‍ അടങ്ങിയ പായ്ക്കാണ് ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്നത്. പുതിയ അവശ്യവസ്തുക്കളുടെ വിഭാഗത്തില്‍ 20 ശതമാനം വില്‍പ്പനയാണ് സാനിറ്റൈസറുകള്‍ക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ വില്‍പ്പനയില്‍ 60 ശതമാനത്തോളം വര്‍ധനവുണ്ടായി. രോഗപ്രതിരോധ ഉല്‍പന്നങ്ങളില്‍ പ്രധാനമായും വിറ്റാമിന്‍ സി, ഇ ബി 6, സിങ്ക് സപ്ലിമെന്റുകളാണ് ഉപയോക്താക്കള്‍ വാങ്ങുന്നത്.
ഡിസ്‌പോസിബിള്‍ ഗ്ലൗസുകള്‍, ഷൂ കവറുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍ എന്നിവക്കും ആവശ്യക്കാരുണ്ട്. ഗൗണ്‍, ഗ്ലൗസ്, ഹുഡ്, ഷൂ കവറുകള്‍, ഹെഡ് ക്യാപ്, മാസ്‌ക്, ഡിസ്‌പോസല്‍ ബാഗുകള്‍ എന്നിവയുള്‍പ്പെടെ പൂര്‍ണ പി.പി.ഇ കിറ്റുകള്‍ വാങ്ങുന്നവരുമുണ്ട്. ഒരു കിറ്റിന് 500 രൂപയോളം വിലയുണ്ട്. സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ഇന്ത്യക്കാര്‍ ജോലിയിലേക്ക് മടങ്ങുമ്പോള്‍ ഇത്തരം വസ്തുക്കള്‍ക്ക് ഇനിയും ആവശ്യക്കാരേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."