HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ് നിലപാട് രാഷ്ട്രീയ പ്രേരിതം: സുന്നി മഹല്ല് ഫെഡറേഷന്‍
backup
May 18 2020 | 05:05 AM
കോഴിക്കോട്: വഖ്ഫ് ഫണ്ട് വിനിയോഗത്തില്‍ കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നു സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ഖത്വീബ്, ഇമാം, മുഅദ്ദിന്‍, മദ്‌റസാധ്യാപകര്‍ എന്നിവര്‍ക്ക് പ്രതിമാസ പെന്‍ഷനും മാരക രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സാ സഹായവും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള വിവാഹസഹായവും വിതരണം ചെയ്യുന്നതിന് മെയ് 13ന് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് എടുത്ത യോഗ തീരുമാനം അട്ടിമറിച്ച നടപടി നീതീകരിക്കാനാവാത്തതാണ്. ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം ഫണ്ടിന്റെ ദൗര്‍ലഭ്യത പറഞ്ഞു സഹായം നല്‍കാനുള്ള തീരുമാനം റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ധനസ്ഥിതി അനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ തങ്ങള്‍ നിര്‍ബന്ധമായും സഹായിക്കേണ്ട വിഭാഗങ്ങളെ അവഗണിച്ചു വഖ്ഫ് ബോര്‍ഡിന്റെ ധനസ്ഥിതിക്കപ്പുറത്തുള്ള തുക ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത് നീതീകരിക്കാനാവില്ല.
വഖ്ഫ് ബോര്‍ഡിന് ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തുകയും ഇത് വരെ ലഭ്യമാക്കിയിട്ടില്ലെന്നാണ് അറിവ്. വഖ്ഫ് സ്ഥാപനങ്ങളുടെ വരുമാനത്തില്‍ നിന്ന് ഏഴ് ശതമാനം തുക സ്വീകരിച്ചാണ് വഖ്ഫ് ബോര്‍ഡ് ക്രയവിക്രയങ്ങള്‍ ചെയ്യുന്നത്. കോവിഡ് 19, ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ചു വളരെ ഏറെ പ്രയാസത്തിലായ വഖ്ഫ് സ്ഥാപനങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ ഒരു ആശ്വാസനടപടിയും വഖ്ഫ് ബോര്‍ഡ് ഇത് വരെ സ്വീകരിച്ചിട്ടില്ല.
രാഷ്ട്രീയ പ്രേരിതമായി ഫണ്ട് ദുരുപയോഗം ചെയ്യുന്ന നിലപാടില്‍ നിന്നും വഖ്ഫ് ബോര്‍ഡ് പിന്തിരിയണമെന്നും വഖ്ഫ് സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസനടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സെക്രട്ടറിമാരായ യു. ശാഫിഹാജി ചെമ്മാട്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."