സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകണ്ട് ആവേശം കാണിച്ചാല്‍ അകത്താകും
#കിരണ്‍ പുരുഷോത്തമന്‍
സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞുകൊടുത്തേ മതിയാകൂവെന്ന് അധികൃതര്‍
കൊച്ചി: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത കണ്ട് സ്ത്രീകള്‍ കയറുമ്പോള്‍ എഴുന്നേല്‍ക്കാതിരുന്നാല്‍ പിഴ ഈടാക്കുമെന്നും സീറ്റ് ആവശ്യപ്പെടുന്ന സ്ത്രീകളോട് കയര്‍ത്താല്‍ അകത്താകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ദീര്‍ഘദൂര സര്‍വിസുകളില്‍ സ്ത്രീകള്‍ക്കായി വലതുവശം മുന്‍പിലായി അഞ്ച് വരിയാണ് സംവരണം ചെയ്തിട്ടുള്ളതെന്നും ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളതെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പറയുന്നു. സ്ത്രീകളുടെ അഭാവത്തില്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായുളള ഒരു വരി (മൂന്ന് സീറ്റ്) ഒഴികെ ബാക്കിയുള്ള നാല് വരികളും പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്.
യാത്രയുടെ ഇടയില്‍ സ്ത്രീകള്‍ കയറിയാല്‍ മുന്‍ഗണനാ സീറ്റില്‍ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്നും വാര്‍ത്തയിലുണ്ട്. വിവരം കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റും നല്‍കിയതാണെന്ന് പറഞ്ഞ് അവിടുത്തെ നമ്പരും വ്യാജ വാര്‍ത്തയോടൊപ്പംനല്‍കിയിട്ടുണ്ട്.
ഒപ്പം ദീര്‍ഘദൂര സര്‍വിസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാന്‍ പാടില്ലെന്ന കോടതി ഉത്തരവിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്.
എന്നാല്‍ ഇങ്ങനെയൊരു കാര്യം തങ്ങള്‍ക്കറിയില്ലെന്ന് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു. ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം. വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ ദിനംപ്രതി നിരവധി കോളുകള്‍ ഇത്തരത്തില്‍ വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റുമായി ഈ വിഷയത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇങ്ങിനെ: വോള്‍വോ, എ.സി ബസുകള്‍ ഒഴികെയുള്ള എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ളതും ഇല്ലാത്തതുമായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് എന്നീ സര്‍വിസുകളില്‍ വനിതകള്‍ക്ക് മാത്രമായി ഡ്രൈവറുടെ സീറ്റിനു തൊട്ടുപുറകിലുള്ള ഒരു വരി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
റിസര്‍വേഷന്‍ ഇല്ലാത്ത ബസുകളില്‍ ബാക്കി തൊട്ടു പിന്നിലുള്ള ഒന്‍പത് സീറ്റുകള്‍ മുന്‍ഗണനാ ക്രമത്തിലും സംവരണം ചെയ്തിട്ടുണ്ട്.
മുന്‍ഗണനാ ക്രമത്തില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ ബുദ്ധിമുട്ടിലായത് ബസ് കണ്ടക്ടര്‍മാരാണ്. ബസുകളില്‍ യാത്രക്കാരും കണ്ടക്ടര്‍മാരുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇത് വഴിവച്ചിരുന്നു.
കടുത്ത ശിക്ഷയെന്ന്
മോട്ടോര്‍വാഹന
വകുപ്പ്
ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും. കൂടാതെ പുരുഷന്‍മാര്‍ സീറ്റുമായി ബന്ധപ്പെട്ട് തര്‍ക്കിച്ചാല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് അകത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."