ചരിത്രം കറങ്ങിത്തിരിഞ്ഞു വരുമ്പോള്‍
ന്യൂഡല്‍ഹി: 1987ല്‍ ബോഫോഴ്‌സ് അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ സമ്മര്‍ദത്തിലായിരുന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി. രാജീവ് സര്‍ക്കാരിനെതിരേ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ രാജീവ് ഗാന്ധി വിളിച്ചത് കിച്ചഡി സര്‍ക്കാരെന്നാണ്.
ചെറു പാര്‍ട്ടികളുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ പ്രതിരോധത്തിലായിരുന്നു രാജീവ് ഗാന്ധി സര്‍ക്കാര്‍. ചരിത്രം ഒന്നു കറങ്ങിത്തിരിഞ്ഞ് വരുമ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരാണ്.
റാഫേല്‍ അഴിമതിക്കെതിരേ പ്രതിപക്ഷ ഐക്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത സമ്മര്‍ദത്തിലാണ്. ഇന്ന് ബി.ജെ.പിയോടെന്ന പോലെ കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിലായിരുന്ന 1980കളില്‍ പ്രാദേശിക പാര്‍ട്ടികള്‍. അന്ന് ഹിന്ദി ഹൃദയഭൂമി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. ഇന്ന് കോണ്‍ഗ്രസെന്ന പോലെ ബി.ജെ.പിയായിരുന്നു അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി ശ്രമിച്ചത്.
1967ല്‍ നെഹ്‌റുവില്ലാതെ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പലയിടത്തും പരാജയപ്പെട്ടെങ്കിലും ആകെയുള്ള 520 സീറ്റില്‍ 283ലും വിജയിച്ചു. 2014ലെ ലോക്‌സഭയില്‍ മോദി നേടിയതിനു സമാനമായ(282 സീറ്റ്) വിജയമായിരുന്നു. അന്ന് ഇന്നത്തെ ബി.ജെ.പിയുടെ പഴയകാലരൂപമായിരുന്ന ഭാരതീയ ജനസംഘത്തിന് ലഭിച്ചത് 35 സീറ്റ്. സ്വതന്ത്രപാര്‍ട്ടി നേടിയത് 44 സീറ്റ്. അതായത് 2014ല്‍ കോണ്‍ഗ്രസ് നേടിയ അത്ര തന്നെ എണ്ണം.
മികച്ച വിജയം നേടിയിട്ടും ഇന്ന് മോദിയ്‌ക്കെന്ന പോലെ അന്ന് ഇന്ദിരാഗാന്ധിക്കും പാര്‍ട്ടിക്കുള്ളില്‍ എതിരാളികളുണ്ടായി. സഞ്ജീവ റെഡ്ഡി, എസ്. നിജലിംഗപ്പ, കെ. കാമരാജ്, മൊറാര്‍ജി ദേശായി തുടങ്ങിയവരായിരുന്നു ഇന്ദിരയുടെ പ്രധാനശത്രുക്കള്‍.
ഇവര്‍ പാര്‍ട്ടി പിളര്‍ത്തി കോണ്‍ഗ്രസ് (ഒ) രൂപീകരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ ഭരണകാലം പകുതിയായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവര്‍ക്കെതിരേ ഒന്നിക്കാന്‍ തുടങ്ങി. ഇന്നത്തെ മഹാസഖ്യം മാതൃകയില്‍ കോണ്‍ഗ്രസ് (ഒ) നേതാക്കള്‍ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് രൂപീകരിച്ചു. ബി.ജെ.എസ്, സ്വതന്ത്രപാര്‍ട്ടി തുടങ്ങി സംസ്ഥാനതലങ്ങളിലുള്ള പാര്‍ട്ടികളും അതിന്റെ ഭാഗമായുണ്ടായിരുന്നു.
ഇന്ന് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഒരു മണ്ഡലത്തില്‍ ഒരു എതിര്‍ സ്ഥാനാര്‍ഥിയെന്ന പദ്ധതിയായിരുന്നു അന്ന് ഇന്ദിരയ്ക്കും നേരിടേണ്ടി വന്നത്.
പൂര്‍ണമായി വിജയിക്കാനായില്ലെങ്കിലും ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അതു ഫലം കണ്ടു. അന്ന് പ്രതിപക്ഷ സഖ്യത്തിലുള്ള ഡി.എം.കെയും സി.പി.ഐയും ഇന്നും പ്രതിപക്ഷസഖ്യത്തിലുണ്ട്. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും 1977 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ തോറ്റ് അധികാരത്തില്‍നിന്ന് പുറത്തായ ചരിത്രവും ഇന്ദിരയ്ക്കുണ്ടായി.
രാഷ്ട്രീയമായി ഏതിര്‍ദിശയിലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിരുദ്ധതയുടെ പേരില്‍ സഖ്യത്തിലാവാന്‍ അന്ന് ബി.ജെ.പി മടികാട്ടിയിരുന്നില്ല. ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിന് സമാനമായ രാഷ്ട്രീയ പ്രതിരോധമാണ് കോണ്‍ഗ്രസിനെതിരേ ബി.ജെ.പി തീര്‍ത്തത്.
ഇന്ന് ബി.ജെ.പിയെ നേരിടാന്‍ മഹാസഖ്യത്തിനു രൂപം നല്‍കിയ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും അതേ സഖ്യത്തിന്റെയും ഭാഗമാകാന്‍ കഴിയാതിരുന്നതിനു സമാനമായ സാഹചര്യം അന്ന് ബി.ജെ.പിക്കുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."