കൊടികുത്തിമലയില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു
മണ്ണാര്‍ക്കാട്: മഴയില്‍ പച്ചപ്പുതച്ച കൊടികുത്തിമല കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. സമയ വ്യത്യാസമില്ലാതെ മലയെ തലോടുന്ന ഇളം കാറ്റും തണുപ്പുമാണ് ഇവിടുത്തെ പ്രത്യേകത. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന യുവാക്കളാണ് ഏറെയും ഇവിടുത്തെ സന്ദര്‍ശകര്‍. എന്നാല്‍ കുടുംബ സമേതം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും കുറവല്ല.
മലപ്പുറത്തെ മിനി ഊട്ടി എന്ന പേരും കൊടികുത്തിമലക്കുണ്ട്. മലയുടെ മുകളില്‍ സ്ഥാപിച്ച വ്യൂ ടവറാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. കാലവ്യത്യാസമില്ലാതെ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്കുണ്ട്. ജില്ലക്ക് അകത്തും പുറത്തും നിന്ന് നിരവധി പേരാണ് സന്ദര്‍ശകരായി എത്തുന്നത്.
മണ്ണാര്‍ക്കാട്- പെരിന്തല്‍മണ്ണ ദേശീയപാത 966ല്‍ അമ്മിനിക്കാട് നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ ദൂരമാണ് കൊടികുത്തിമലയിലേക്കുള്ളത്. സമുദ്ര നിരപ്പില്‍നിന്ന് 522 മീറ്റര്‍ ഉയരത്തിലാണ് മല സ്ഥിതിചെയ്യുന്നത്. വേനലന്നൊ, ശൈത്യമെന്നൊ വ്യത്യാസമില്ലാതെ പുലര്‍ച്ചെയും, വൈകുന്നേരങ്ങളിലും കോടയിറങ്ങുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. പ്രവേശനത്തിന് ഫീസ് നല്‍കേണ്ടതില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂസര്‍വെയുടെ ഭാഗമായി ഒരു വലിയ കൊടി കുത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതാണ് പിന്നീട് ഈ സ്ഥലത്തെ കൊടികുത്തിമല എന്ന പേരിലറിയപ്പെടാനിടയാക്കിയത്. പാറകെട്ടുകളാല്‍ നിറഞ്ഞ മലമ്പ്രദേശം 70 ഏക്കറിലധികം വിസ്തൃതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."