എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം തുടങ്ങി; ഹാജരായത് 46 ശതമാനം അധ്യാപകര്‍
തിരുവനന്തപുരം: പൂര്‍ത്തിയായ എസ്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്നലെ ആരംഭിച്ചു. പൊതുഗതാഗതം ഇല്ലാത്തതിനാല്‍ സ്വന്തമായി വാഹനമില്ലാത്ത അധ്യാപകര്‍ പ്രയാസപ്പെട്ടാണ് മൂല്യനിര്‍ണയ ക്യാംപുകളിലെത്തിയത്. ക്യാപുകളിലെത്തിയ അധ്യാപകരുടെ എണ്ണം കുറവായിരുന്നു. 46.6 ശതമാനം പേര് മാത്രമാണ് ആദ്യദിനമായ ഇന്നലെ എത്തിയത്.
സംസ്ഥാനത്തൊട്ടാകെ 6,000ത്തോളം അധ്യാപകര്‍ പങ്കെടുക്കേണ്ടിയിരുന്ന മൂല്യനിര്‍ണയത്തില്‍ 2,800ഓളം അധ്യാപകരാണ് പങ്കെടുത്തത്. ഹോട്ട് സ്പോട്ട് പ്രദേശങ്ങള്‍ കൂടുതലുള്ള വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് എറ്റവും കുറവ് അധ്യാപകര്‍ ഹാജരായത്. വയനാട്ടില്‍ 22 ശതമാനവും കണ്ണൂരില്‍ 24 ശതമാനവുമാണ് ഹാജര്‍നില. പാലക്കാട് ചിറ്റൂര്‍ ഗവ. ഹൈസ്കൂളിലാണ് ഏറ്റവും കൂടുതല്‍ അദ്ധ്യാപകരെത്തിയത്. 86 ശതമാനം. കൊവിഡ് ജാഗ്രതാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ മാസം 22 വരെയാണ് മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം. ഗണിതം, ഫിസിക്സ്, കെമിസ്ട്രി, അറബി, ഉറുദു, സംസ്കൃതം ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. 36 ക്യാംപുകളിലാണ് ആദ്യഘട്ടത്തില്‍ മൂല്യനിര്‍ണയം നിശ്ചയിച്ചതെങ്കിലും കൊല്ലം പാരിപ്പള്ളി അമൃത സ്കൂളിലെ ക്യാംപ് ഇന്നലെ പ്രവര്‍ത്തിച്ചില്ല. പാരിപ്പള്ളി ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടം ഒഴിവാക്കുകയായിരുന്നു. ജൂണ്‍ ആദ്യവാരം തുടങ്ങുന്ന രണ്ടാംഘട്ട മൂല്യനിര്‍ണയത്തില്‍ ഇവിടെ ക്യാംപ് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."