സംവരണ പരിധി 50 ശതമാനമായിരിക്കണമെന്ന വിധി ബാധകമാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് പോറലേല്‍പ്പിക്കാതെയാണ് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മേല്ജാതിക്കാര്ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹരജിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്ങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇതിനായി വരുത്തിയ ഭരഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 15 (6), 16 (6) വകുപ്പുകള്‍ പരമാവധി ആകെ സംവരണം 50 ശതമാനത്തിലധികം വരരുതെന്ന സുപ്രിംകോടതി ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്നും അത് ഭരണഘടനയുടെ 15 (4), 15 (5) 16 (4) എന്നിവയ്ക്കേ ബാധകമാവു എന്നും കേന്ദ്രം ഹരജിയില്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ മാത്രം അടിസ്ഥാനത്തിലാണ് സംവരണം ഏര്‍പ്പെടുത്തേണ്ടതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിക്കരുതെന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടെന്നുമുള്ള വാദത്തിന് സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് സംവരണം നല്‍കേണ്ടതുണ്ടെന്ന് നിരവധി കമ്മിറ്റികള്‍ നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ടെന്ന മറുവാദമാണ് കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്.
സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് കാരണം സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഇതു സംബന്ധിച്ച ഹരജി ഭരണഘടനാ ബെഞ്ചിന് വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ മാര്‍ച്ച് 28ന് വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചിരുന്നു.
പരമാവധി സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സംവരണത്തെ ഹരജിയില്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ഈ ഹരജിയും ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നു ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദിപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."